|
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി. ഈ മാസം 21ന് കോടതിയില്‍ ഹാജരാകണ കര്‍ശനനിര്‍ദേശമാണുള്ളത്. ഇതുവരെ പ്രതികളാരും കോടതിയില്‍ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശനമുന്നയിച്ചു.
സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ കെ കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ട് പോകല്‍ ആരോപണവുമായി കുടുംബവും ബി എസ് പിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി കെ സുന്ദര രംഗത്തെത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും സുരേന്ദ്രന്‍ നല്‍കിയെന്നായിരുന്നു സുന്ദര പറഞ്ഞത്.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 467 വോട്ടാണ് അന്ന് സുന്ദര പിടിച്ചത്. ഇതോടെ, സുരേന്ദ്രന്റെ വിജയം ഇല്ലാതാക്കിയതില്‍ സുന്ദരയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും സുന്ദര പത്രിക സമര്‍പ്പിച്ചു. ഇതിന് പിന്നാലെ സുന്ദര പത്രിക പിന്‍വലിച്ചതായും ബിജെപിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. |