ലണ്ടന്‍: യുകെയില്‍ പാപ്പരായ കൗണ്ടി കൗണ്‍സിലുകളില്‍ ഒന്നായ ബര്‍മിങ്ഹാമില്‍ കൗണ്‍സില്‍ ടാക്‌സ് ഇപ്പോള്‍ 21% വര്‍ധിച്ചു. പ്രതിദിന ചെലവുകള്‍ക്ക് വേണ്ടത് 300 മില്യന്‍ പൗണ്ട് കണ്ടെത്തുവാന്‍ വേണ്ടിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ 21% വര്‍ധനവ് ഉണ്ടായത്. ഈ ഏപ്രിലില്‍ ബര്‍മിങ്ഹാമിലെ താമസക്കാര്‍ കൗണ്‍സില്‍ ടാക്‌സ് 10 ശതമാനവും അടുത്ത വര്‍ഷം ഏപ്രിലില്‍ 21 ശതമാനവും അടയ്ക്കേണ്ടി വരും. ടാക്‌സ് വര്‍ധനവിനൊപ്പം സേവനങ്ങളില്‍ വന്‍ വെട്ടിക്കുറവുകളും നടപ്പിലാക്കി. ചൊവ്വാഴ്ച നടന്ന സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തില്‍ ലീഡര്‍ ജോണ്‍ കോട്ടണ്‍ പുതിയ പരിഷ്‌കാരങ്ങളുടെ പേരില്‍ നഗരവാസികളോട് ക്ഷമാപണം നടത്തി. സെപ്റ്റംബറില്‍ കൗണ്‍സില്‍ തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു.
87 പൗണ്ട് മില്യന്‍ ബജറ്റ് കമ്മി നേരിട്ടതിനാലാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിക്കുകയും പിന്നാലെ സ്വയം പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. മാലിന്യ ശേഖരണം കുറയ്ക്കുന്നത് മുതല്‍ തെളിച്ചമുള്ളതിന് പകരം മങ്ങിയ തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നത് വരെ സേവനങ്ങളുടെ വെട്ടിക്കുറവുകള്‍ ഉണ്ടായിട്ടുണ്ട്. 600 കൗണ്‍സില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുവാനുള്ള സാധ്യത, കുട്ടികളുടെ സ്‌കൂള്‍ ഗതാഗതം, ആര്‍ട്ട് ഫണ്ടുകളുടെ പുനരവലോകനം, കമ്മ്യൂണിറ്റി സെന്ററുകള്‍ വില്‍പന, ഫ്‌ലൈ-ടിപ്പിങ് എന്‍ഫോഴ്‌സ്‌മെന്റ് കുറയ്ക്കല്‍, കൗണ്ടി പാര്‍ക്കുകളില്‍ പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് കൗണ്‍സില്‍ തീരുമാനങ്ങള്‍. ഇതിനയുള്ള ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ കൗണ്‍സില്‍ ഹൗസിന് പുറത്ത് 200 ഓളം പ്രതിഷേധക്കാര്‍ ഈ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രകടനം നടത്തിയിരുന്നു.