Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ യുകെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യയില്‍
reporter

ലണ്ടന്‍: സ്വതന്ത്ര വ്യാപാര കരാറിനായി ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് സീനിയര്‍ ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച ന്യുഡല്‍ഹിയിലെത്തി. കരാറിലെ ഏറ്റവും കടുപ്പമേറിയ, ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്നതാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഉദ്ദേശ്യം. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള, 1.4 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന വന്‍ വിപണിയായ ഇന്ത്യയുമായി ലക്ഷക്കണക്കിന് പൗണ്ട് വ്യാപാര സാധ്യതകള്‍ ഉള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ ആദ്യം ബോറിസ് ജോണ്‍സനും പിന്നീട് ലിസ് ട്രസ്സും ശ്രമിച്ച് പരാജയപ്പെട്ടതാണ്. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നതിനുള്ള അവസാന ശ്രമങ്ങളിലാണ് ബ്രിട്ടീഷ് സംഘം എന്നാണ് ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍, പെരുമാറ്റ ചട്ടങ്ങളുടെ ഭാഗമായി കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തി വയ്‌ക്കേണ്ടതായി വരും. അതുകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ച അടിയന്തിരമായി വീണ്ടും തുടരാന്‍ തീരുമാനിച്ചതെന്നും വക്താവ് അറിയിച്ചു.

അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ വിസ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കുറച്ചു കൂടി മെച്ചപ്പെട്ട കാര്യങ്ങള്‍ നേടാമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലേബറിന്റെ ഷാഡോ ബിസിനസ്സ് സെക്രട്ടറി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയിരുന്നു. വിസയും സാമൂഹിക സുരക്ഷയുമാണ് ഈ കരാറിലെ ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍. കൂടുതല്‍ ഇന്ത്യാക്കാര്‍ക്ക് യു കെ വിസ ലഭ്യമാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതോടൊപ്പം യു കെയില്‍ ജോലി ചെയ്യുമ്പോള്‍ നല്‍കേണ്ടുന്ന സോഷ്യല്‍ സെക്യുരിറ്റി പേയ്‌മെന്റുകളെ കുറിച്ചും ഇന്ത്യ ഒരു ചര്‍ച്ച ആഗ്രഹിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാര്‍ പൊതുവെ കുടിയേറ്റത്തിന് എതിരായ വികാരം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിസ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക എന്നത് സുനകിന് തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്.

 
Other News in this category

 
 




 
Close Window