Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ മലയാളി വനിത ഇന്ന് രജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയും
reporter

ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ജോലിക്കായി യുകെയിലെത്തിയ മലയാളി വനിത ഇന്ന് റജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയുമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൈനു ക്ലെയര്‍ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയര്‍ക്കുന്നം സ്വദേശിനി കെയറര്‍ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഷൈനുവിനെ അതിവേഗം റജിസ്റ്റേഡ് നഴ്സും പിന്നീട് കെയര്‍ ഹോം മാനേജരായും മാറ്റി. ഇന്ന് ക്ലെയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട്, സീയോന്‍ മൗണ്ട് എന്നീ മൂന്ന് നഴ്‌സിങ് നഴ്‌സിങ് കെയര്‍ ഹോമുകളുടെ ഉടമസ്ഥയായ ഷൈനു ആതുര സേവന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

നഴ്‌സിങ് ഹോമുകള്‍ക്ക് പുറമെ മലയാളികള്‍ക്ക് നാടന്‍ ഭക്ഷണം തനതു ശൈലിയില്‍ ഗുണമേന്മയോടെ നല്‍കുന്ന ഹോട്ടല്‍ ശൃംഖലകള്‍ക്കും ഷൈനു ഇന്ന് നേതൃത്വം നല്‍കുന്നു. ദുബായിലും ഷാര്‍ജയിലും യുകെയിലെ കവന്ററിയിലും ഒരുക്കിയിരിക്കുന്ന 'ടിഫിന്‍ ബോക്‌സ്' ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് ആഹാരത്തിനു പുറമെ ചുവര്‍ ചിത്രങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാം. ആദ്യകാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം സജീവമായിരുന്ന ഷൈനു മാത്യൂസിന്റെ പൊതുപ്രവര്‍ത്തനവും ജീവകാരുണ്യ സേവനങ്ങളും ഇന്ന് യുകെ മുഴുവന്‍ വ്യാപിച്ചു.

2017 ല്‍ കേരളത്തില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠനത്തിനായി ധന ശേഖരണണാര്‍ത്ഥം മാഞ്ചസ്റ്ററില്‍ വെച്ച് 15,000 അടി ഉയരത്തില്‍ സാഹസികമായ സ്‌കൈ ഡ്രൈവിങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും പഠന ചെലവിനായി നല്‍കുകയും ചെയ്തിരുന്നു. 2022ലും സമാന രീതിയില്‍ സ്‌കൈ ഡ്രൈവിങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇങ്ങനെ സമാഹരിച്ചത്. 'ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്മവിശ്വാസവും ധൈര്യവും അര്‍പ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു' എന്നായിരുന്നു ഷൈനു മാത്യൂസിന്റെ സ്‌കൈ ഡ്രൈവിങ് ഇന്‍സ്ട്രക്ടറുടെ വാക്കുകള്‍.

പൊതുജന ശ്രദ്ധയും വലിയ വാര്‍ത്ത പ്രാധാന്യവും നേടിയ പ്രവര്‍ത്തനങ്ങളായിരുന്നു ഇവയെങ്കിലും ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമ പ്രവര്‍ത്തങ്ങള്‍ കേരളത്തിലും യുകെയിലുമായി ഇപ്പോഴും ഷൈനു മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണര്‍ത്ഥം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു പോരുന്ന സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 'ആശ്രയ പദ്ധതി'യുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഷൈനു മാത്യൂസ് കൈത്താങ്ങ് ആകുന്നുണ്ട്. ആശ്രയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സിന്റെ ഡ്രൈവറുടെ പ്രതി മാസശമ്പളവും ഓഫിസ് നടത്തിപ്പിനായുള്ള തുകയും ഷൈനു മാത്യൂസാണ് നല്‍കുന്നത്. പിതാവ് പരേതനായ സി. കെ. മാത്യുവിന്റെ അടുത്ത മിത്രമായിരുന്ന ഉമ്മന്‍ ചാണ്ടിയെ ചെറുപ്പം മുതല്‍ക്കെ അടുത്ത് അറിയാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ നാഴികകല്ലായി മാറിയെന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ആണ് മാതൃക ആക്കിയത്. ഷൈനു മാത്യൂസിന്റെ പ്രഫഷനലിസവും അറിവുകളും പൊതുപ്രവര്‍ത്തന പരിചയവും സമാന രീതിയിലുള്ള കൂട്ടായ്മകള്‍ രൂപപ്പെടുത്തി യുകെയില്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ സാധിക്കുമെന്ന ഒരു പൊതു ചടങ്ങിലെ പ്രസംഗം ലേബര്‍ പാര്‍ട്ടിയുടെ നേതാവും എലിങ് സൗത്താള്‍ എംപിയുമായ വീരേന്ദ്ര ശര്‍മ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സഹയാത്രികയായ ഷൈനു മാത്യൂസ് ഈയടുത്താണ് കെപിസിസിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ യുകെ നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റായി നിയമിതയായത്. ഒഐസിസി യൂറോപ്പ് വനിത വിങ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികെയാണ് പുതിയ പദവി തേടിയെത്തിയത്. പ്രവാസി ഭാരതി കേരളയുടെ 'ദ് ലേഡി ഓഫ് എക്‌സലന്‍സ് പുരസ്‌കാരം', ഒഐസിസി - ഇന്‍കാസ് ഷാര്‍ജ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window