ലണ്ടന്‍: ശുന്യമായ ശവപ്പെട്ടിയും കരയാന്‍ വാടകയ്ക്ക് ആളുകളുമായി സംഘടപ്പിച്ച വ്യാജ ശവസംസ്‌കാര ചടങ്ങ് പുരോഹിതന്‍ റദ്ദാക്കി. ലണ്ടനിലാണ് ഈ വിചിത്ര സംഭവ പരമ്പര അരങ്ങേറിയത്. ലോറിസ് സോബ് എന്ന ലാത്വിയന്‍ യുവാവിനായി അദ്ദേഹത്തിന്റെ സഹോദരനെന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങുകള്‍ക്കിടയില്‍ ഗായക സംഘത്തില്‍പ്പെട്ടവര്‍ സത്യം വെളിപ്പെടുത്തിയതോടെ പുരോഹിതന്‍ ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു.
ഫാദര്‍ മക്ഹാര്‍ഡിയാണ് ഗായക സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടങ്ങുകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ശവപ്പെട്ടി തുറന്ന് നോക്കിയ അദ്ദേഹം അക്ഷാരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനകം ശൂന്യമായിരുന്നു എന്ന് മാത്രമല്ല ചടങ്ങുകളില്‍ പങ്കെടുത്തവര്‍ മുഴുവന്‍ അഭിനേതാക്കളുമായിരുന്നു. ദുഖാര്‍ത്ഥരായ കുടുംബാംഗങ്ങളും സഹോദരങ്ങളുമായി അഭിനായിക്കാന്‍ വലിയ ഒരു കൂട്ടം ആളുകള്‍ തന്നെ ഉണ്ടായിരുന്നു. അതിഗംഭീരമായി അലങ്കരിച്ച കുതിരവണ്ടി, വിന്റേജ് കാറുകള്‍, പ്രത്യേക കോസ്റ്റ്യുമില്‍ വിലപിക്കുന്നവര്‍, പൂര്‍ണ്ണ ഗായകസംഘം എന്നിവയെല്ലാം വ്യാജ ശവസംസ്‌കാര ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് അസ്വസ്ഥരായ ഗായക സംഘമാണ് 'ഇക്കാണുന്നതെല്ലാം വ്യാജ'മാണന്ന രഹസ്യം പുരോഹിതനോട് വെളിപ്പെടുത്തിയത്.
ദ ഔട്ടലറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മരിച്ച വ്യക്തിയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തി കെട്ടിചമച്ചതായിരുന്നു മുഴുവന്‍ കഥയും. ഒടുവില്‍ സംഗതി പിടിക്കപ്പെട്ടതോടെ ലോറിസ് എന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ മരിച്ചിട്ടില്ലെന്ന് ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇയാളുടെ കൈവശം ലോറിസ് എന്ന പേരില്‍ വ്യാജമായി നിര്‍മ്മിച്ച റഷ്യന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ കാണാതായി എന്ന് പറയപ്പെടുന്ന ലോറിസിനെ ലാത്വിയയില്‍ നിന്ന് കണ്ടത്തി. എന്നാല്‍, ഇയാള്‍ക്ക് ക്ലൈഡ് എന്ന് പേരുള്ള ഒരു സഹോദരനുള്ളതായി കണ്ടെത്താനായില്ല. എന്തിനാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല. ശവസംസ്‌കാരത്തിനുള്ള അഭ്യര്‍ത്ഥന നാല് ആഴ്ചകള്‍ക്ക് മുമ്പാണ് വന്നതെന്ന് ഫാദര്‍ മക്ഹാര്‍ഡി വെളിപ്പെടുത്തി. എന്നാല്‍ എല്ലാം കെട്ടിചമച്ചതാണന്ന് അറിഞ്ഞതോടെ അദ്ദേഹം ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു.