Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളി നഴ്‌സുമാര്‍ ഒന്നിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജ് പുതിയ നേട്ടത്തില്‍
reporter

ലണ്ടന്‍: കേരളത്തില്‍ നിന്നും വിദേശരാജ്യത്തെ ആരോഗ്യസേവന രംഗത്ത് എത്തുന്ന ഏതൊരു നഴ്‌സിന്റെയും സ്വപ്നങ്ങളില്‍ ഒന്നാണ് അവിടെ നിന്നും പുതിയതായി ലഭിക്കുന്ന അറിവുകളും നൂതനമായ പ്രവര്‍ത്തന രീതികളും സ്വന്തം നാടിനു കൂടി ഉപകാരപ്പെടുത്തുന്ന തലത്തില്‍ നാട്ടിലെ ആരോഗ്യമേഖലയുമായി പങ്കവയ്ക്കാന്‍ ഒരു അവസരം ലഭിക്കുക എന്നത്. അത്തരത്തില്‍ യുകെയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് പ്രാഗല്‍ഭ്യം തെളിയിച്ച നഴ്‌സുമാര്‍ ഒത്തുചേര്‍ന്നപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിന് ലഭിച്ചത് അപൂര്‍വ്വ നേട്ടവും ബഹുമതിയുമാണ്. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്‍ഡ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജക്ട് ആണ് യുകെ നഴ്‌സുമാരുടെ പിന്തുണയോടെ നടപ്പിലായത്. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച യുകെ നഴ്‌സുമാര്‍.

ഇവര്‍ക്കൊപ്പം യുകെയില്‍ നഴ്സായ അയര്‍ലന്‍ഡ് സ്വദേശിനി മോന ഗഖിയന്‍ ഫിഷറും പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ഇത്തരം ഒര ആശയം ആദ്യം കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍, കാര്‍ഡിയോ തൊറാസിക് ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഡോ. വിനീത വി. നായര്‍ എന്നിവരുമായി പങ്കുവെച്ചപ്പോള്‍ പൂര്‍ണ്ണ സമ്മതം നല്‍കുകയായിരുന്നു. തുടര്‍ന്ന് യുകെയിലെ മലയാളി സംഘടനകളില്‍ ഒന്നായ കൈരളി യുകെയുടെ ദേശീയ സെക്രട്ടറി കുര്യന്‍ ജേക്കബും പ്രസിഡന്റ് പ്രിയാ രാജനും പ്രോജക്ടിന്റെ വിശദമായ റിപ്പോര്‍ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് മുന്നില്‍ അവതരിപ്പിച്ചു. ചര്‍ച്ചകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. മുഹമ്മദ് ഹനീഷ് ഐഎഎസിനെ മന്ത്രി നിയോഗിക്കുകയും ചെയ്തു. യാതൊരു വിധ സര്‍ക്കാര്‍ ഫണ്ടുകളോ ഔദ്യോഗിക രേഖകളുടെ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നഴ്‌സിങ് പ്രാക്ടീസ് നിരീക്ഷിച്ചും ആര്‍ജിത അറിവുകള്‍ പങ്കുവച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയും പ്രോജക്ട് ആരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇത് വഴി ഒരു കാര്‍ഡിയോ തൊറാസിക് രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ സുരക്ഷയും നഴ്‌സിങ് കെയറിന്റെ പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നത് മികച്ച ഫലം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജിലെ ഐസിയു, തിയേറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവിധ ക്ലിനിക്കല്‍ ഏരിയകളിലെ നഴ്സുമാരായ ഷൈബിമോള്‍ കുര്യന്‍, എ. എം. ഷീബ, എ. ആര്‍. പ്രീതി, ജിന്‍സ്‌മോന്‍, ത്രേസ്യാമ ഡൊമിനിക്, എം. ടി. ലത, ടി. എസ്. അനിജ, പി. സലിന്‍, എം. ആര്‍. സുനിത എന്നിവരും പ്രോജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചു. മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് ഡിപ്പാര്‍ട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള പ്രവര്‍ത്തന രീതികള്‍, അവയില്‍ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയെക്കു റിച്ച് നിരന്തരമായ ഓണ്‍ലൈന്‍ സ്റ്റഡി സെഷനുകള്‍ നടന്നിരുന്നു. പ്രോജക്ടില്‍ പ്രായോഗികമായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കല്‍ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കുകയും കൂടാതെ നഴ്സുമാരുടെ നേതൃത്വപാടവവും ടീം വര്‍ക്കും മെച്ചപ്പെടുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

നഴ്സിങ് മേഖലയില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള മിനിജ ജോസഫ്, നിലവില്‍ കിങ്സ് കോളജ് എന്‍ എച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ തീയേറ്റര്‍ ലീഡ് നഴ്സ് ആണ്. ബിജോയ് സെബാസ്റ്റ്യന്‍ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കല്‍ കെയര്‍ ഇലക്ടീവ് സര്‍ജിക്കല്‍ പാത്ത് വെയ്സ് സീനിയര്‍ നഴ്സ് ആയും, മേരി എബ്രഹാം കിങ്സ് കോളജ് എന്‍എച്ച്എസ് ഐസിയു, എച്ച്ഡിയു വാര്‍ഡ് മാനേജരായും സേവനം അനുഷ്ഠിക്കുന്നു.യുകെയിലെയും അയര്‍ലാന്‍ഡിലെയും ആശുപത്രികളിലെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മോന ഗെക്കിയന്‍ ഫിഷര്‍ 2018-2021 കാലഘട്ടത്തില്‍ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് പേരി ഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ തിരുവല്ലയില്‍ നടത്തിയ മൈഗ്രേഷന്‍ കോണ്‍ക്ലേവിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു നടത്തുന്ന ഇത്തരം പദ്ധതികളിലൂടെ രാജ്യാന്തര നിലവാരത്തിലേക്ക് കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തന രീതികള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കൈരളി യുകെ ഭാരവാഹികള്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window