ലണ്ടന്‍: കോസ്‌മെറ്റിക് സര്‍ജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്‌മെറ്റിക് സര്‍ജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, യുകെയില്‍ നിന്നുള്ള ഈ ദമ്പതികള്‍ സൗന്ദര്യം കൂട്ടാന്‍ വേണ്ടി വിവിധ സര്‍ജറികള്‍ ചെയ്തതിന്റെ പേരില്‍ ഇന്ന് ഖേദിക്കുകയാണ്. വേണ്ടിയിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള സാറ എഡ്ഗര്‍ എന്ന 36 -കാരിയും അവളുടെ ഭര്‍ത്താവ് ഇഗല്‍ എന്ന 39 -കാരനുമാണ് വിവിധ സൗന്ദര്യവര്‍ധക സര്‍ജറികള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും പിന്നീട് അതോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു ക്ലിനിക്ക് വഴിയാണ് ഇവര്‍ സര്‍ജറി ചെയ്യാന്‍ പോകുന്നത്. അതിന് വേണ്ടി ഇരുവരും തുര്‍ക്കിയിലേക്ക് യാത്ര ചെയ്തു. സാറ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വയര്‍, ചുണ്ട്, സ്തനം എന്നിവയിലെല്ലാമാണ് സര്‍ജറികള്‍ ചെയ്തത്.
അതേസമയം ഇഗല്‍ തന്റെ പല്ലുകളിലാണ് മാറ്റം വരുത്തിയത്. എന്തായാലും, ഇരുവരും തങ്ങളുടെ വീട് വിറ്റിട്ടാണ് ആരും കണ്ടാല്‍ നോക്കിനില്‍ക്കുന്ന സൗന്ദര്യം കിട്ടാന്‍ വേണ്ടി ഈ സര്‍ജറികളൊക്കെ ചെയ്തത്. അതിനാല്‍, വാടകയ്ക്കാണ് ഇരുവരും താമസിക്കുന്നത്. സാറ ഒരു ബാങ്കില്‍ ക്ലര്‍ക്കും ഇഗല്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കാരനുമാണ്. ഈ സര്‍ജറികളൊന്നും വേണ്ടായിരുന്നു. പുതിയ രൂപത്തില്‍ തങ്ങള്‍ ഒട്ടും കംഫര്‍ട്ടല്ല എന്നാണ് ഇപ്പോള്‍ ഇരുവരും പറയുന്നത്.
സാറ പറയുന്നത്, തനിക്ക് തന്റെ പഴയ രൂപം തന്നെ മതിയായിരുന്നു. ഈ രൂപത്തില്‍ താന്‍ ഒട്ടും കംഫര്‍ട്ടല്ല, ഒട്ടും സന്തോഷവും തോന്നുന്നില്ല എന്നാണ്. 11 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും സര്‍ജറിക്കും ഒക്കെ കൂടി ഒരുപാട് പണം ഇരുവരും ചെലവഴിച്ചു. എന്നാല്‍, അത് തങ്ങള്‍ പ്രതീക്ഷിച്ച സന്തോഷം തരുന്നില്ല എന്നാണ് ഇന്ന് ഈ ദമ്പതികള്‍ പറയുന്നത്. 'ഇങ്ങനെ സര്‍ജറി ചെയ്യുന്നതിന് വേണ്ടി ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ക്ലിനിക്കുകളെ സമീപിക്കരുത്. സോഷ്യല്‍ മീഡിയയില്‍ എല്ലാം നല്ലതും വില കുറവായും തോന്നും. എന്നാല്‍, ശരിക്കും അത് അങ്ങനെയല്ല. അതുപോലെ, എല്ലാവരും സൗന്ദര്യമുള്ളവരാണ്. സര്‍ജറികള്‍ക്ക് പകരം നമുക്കുള്ള ശരീരം നല്ലപോലെ ശ്രദ്ധിക്കുകയാണ് നാം വേണ്ടത്' എന്നാണ് ഇപ്പോള്‍ സാറ പറയുന്നത്.