ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കും. 5.5 ശതമാനം വര്‍ധനയാണ് ശമ്പളത്തില്‍ വരുത്തുന്നത്. പാര്‍ലമെന്റ് പേ ആന്‍ഡ് എക്‌സ്‌പെന്‍സ് വാച്ച്‌ഡോഗ് (ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ലമെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി) ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിരക്കനുസരിച്ച് എംപിമാരുടെ വാര്‍ഷിക ശമ്പളം ഏപ്രില്‍ മുതല്‍ 91,346 പൗണ്ടാകും. കഴിഞ്ഞവര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എംപിമാരുടെ ശമ്പളം 2.9 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
എംപിമാരില്‍ ക്രോസ് പാര്‍ട്ടി സെലക്ട് കമ്മിറ്റികളില്‍ അംഗങ്ങളാകുന്നവര്‍ക്ക് ശമ്പളത്തിനു പുറമെ 17,354 പൗണ്ട് അധികമായി ലഭിക്കും. പ്രധാനമന്ത്രിക്ക് ശമ്പളത്തിന് പുറമെ 75,440 പൗണ്ടാണ് അധികമായി ലഭിക്കുന്നത്. ശമ്പളവും ഈ തുകയും ചേര്‍ത്താല്‍ ഋഷി സുനകിന് ഓരോ വര്‍ഷവും പ്രതിഫലമായി ലഭിക്കുന്നത് 166,786 പൗണ്ടാണ്. ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് ശമ്പളത്തിനു പുറമെ 67,505 പൗണ്ടും സ്റ്റേറ്റ് മിനിസ്റ്റര്‍മാര്‍ക്ക് 31,680 പൗണ്ടും ജൂനിയര്‍ മന്ത്രിമാര്‍ക്ക് 22, 375 പൗണ്ടും അധികമായി ലഭിക്കും. 49,193 പൗണ്ടാണ് പ്രതിപക്ഷ നേതാവിന് ശമ്പളത്തിനു പുറമെ ലഭിക്കുന്ന തുക.