Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ആശ്രിത വിസ നിയന്ത്രണം എന്‍എച്ച്എസ് ജീവനക്കാരില്‍ ഇല്ലാത്തത് മലയാളികള്‍ക്ക് ആശ്വാസമാകുന്നു
reporter

ലണ്ടന്‍: യുകെയില്‍ മാര്‍ച്ച് 11 മുതല്‍ കെയറര്‍ ജോലിക്ക് അപേക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്രിത വീസ ലഭിക്കില്ലന്ന നിയമം നിലവില്‍ വന്നതോടെ ആശ്രിത വീസ നിയന്ത്രണത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ ആശ്രിത വീസ നിയന്ത്രണം ഇല്ലാത്തത് മലയാളികളുടെ കുടിയേറ്റത്തെ ബാധിക്കില്ലെന്ന് കരുതപ്പെടുന്നു. യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് ഇപ്പോഴും യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ ജോലി ലഭിക്കുന്നുണ്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നേരിട്ട് നടത്തുന്ന നിയമനം ആയതിനാല്‍ അനധികൃതമായി ഏജന്‍സി ഫീസ് നല്‍കേണ്ടതുമില്ല. യുകെയില്‍ ആശ്രിത വീസ ലഭിക്കുന്നതിന് നടപ്പിലാക്കിയ കുറഞ്ഞ ശമ്പള പരിധിയില്‍ എന്‍എച്ച്എസ് ജീവനക്കാരെ ഉള്‍പ്പെടുത്താഞ്ഞതാണ് മലയാളികളുടെ കുടിയേറ്റത്തെ ബാധിക്കാത്തതിന് കാരണം. അതിനാല്‍ എന്‍എച്ച്എസില്‍ ജോലി ലഭിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സിങ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഭര്‍ത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള അനുമതി ഇപ്പോഴും തുടരും. എന്നാല്‍ എന്‍എച്ച്എസ് വിദേശ രാജ്യങ്ങളില്‍ നിന്നും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌സ് അഥവാ കെയറര്‍മാരെ നേരിട്ട് വീസ നല്‍കി എടുക്കാത്തതിനാല്‍ മുന്‍പത്തെ പോലെ ഇപ്പോഴും മലയാളികളുടെ കുടിയേറ്റത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

യുകെയിലെ സ്വകാര്യ കെയര്‍ ഹോമുകളില്‍ മാര്‍ച്ച് 11ന് മുന്‍പ് അപേക്ഷിച്ചിട്ടുള്ളവരില്‍ ഹോം ഓഫിസ് അംഗീകരിച്ചവര്‍ക്ക് തുടര്‍ന്നും ആശ്രിതരെ കൊണ്ടുവരാനുമുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനുശേഷമുള്ള അപേക്ഷകളൊന്നും തന്നെ ആശ്രിത വീസയ്ക്കായി പരിഗണിക്കില്ല. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങളായി യുകെയിലേക്ക് മലയാളി കെയറര്‍മാരുടെ കുത്തൊഴുക്ക് നടന്നിരുന്നു. വന്‍തുക ഏജന്റുമാര്‍ക്ക് അനധികൃതമായി നല്‍കി എത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. നഴ്സുമാരാണ് കുടുതലും ഇത്തരത്തില്‍ എത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലെ ജോലി പോലും ഉപേക്ഷിച്ച് അവരില്‍പ്പലരും യുകെയിലേക്ക് വരാനുള്ള പ്രധാനകാരണം ആശ്രിത വീസയായിരുന്നു. ആശ്രിത വീസയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യാമെന്നതും വരുമാന സാധ്യത കൂട്ടി.നിരോധനം വന്നതോടെ കെയറര്‍മാരായി വന്‍തുക നല്‍കി യുകെയിലേക്ക് നഴ്‌സുമാര്‍ വരാതെ ഇരിക്കുന്നതാണ് നല്ലതെന്ന വാദമാണ് വിജയിച്ചത്. യുകെയിലെ എന്‍എച്ച്എസ് ഒഴികെയുള്ള മേഖലകളിലെ സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടായി ഉയര്‍ത്തുന്നത് ഏപ്രില്‍ 4ന് നടപ്പിലാക്കും. ആശ്രിത വീസയില്‍ ജീവിത പങ്കാളിയെ കൊണ്ടു വരുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവര്‍ഷം 18,600 പൗണ്ടില്‍ നിന്ന് ആദ്യം 29,000 പൗണ്ട് ആയും ഒടുവില്‍ ഏകദേശം 38,700 പൗണ്ട് ആയും ഉയരും. എന്നാല്‍ നഴ്‌സിങ്ങും സോഷ്യല്‍ കെയറും ഉള്‍പ്പെടുന്ന ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വീസകള്‍ക്കും ദേശീയ ശമ്പള സ്‌കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കും ഈ മാറ്റം ബാധകമാകില്ല.

 
Other News in this category

 
 




 
Close Window