ലണ്ടന്‍: രണ്ടു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ കൗണ്‍സില്‍ നികുതി വര്‍ധനയുമായി ലോക്കല്‍ കൗണ്‍സിലുകള്‍. ഇതോടെ കൗണ്‍സില്‍ ടാക്‌സില്‍ ഓരോ മാസവും ശരാശരി അമ്പതു മുതല്‍ നൂറു പൗണ്ടുവരെ വര്‍ധനയാണ് ബ്രിട്ടനിലെ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. നൈംദിന ചെലവുകളിലുണ്ടാകുന്ന വര്‍ധനയ്ക്ക് പുറമെ ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സിലെ ഈ വര്‍ധനയും വരുന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. സാമൂഹ്യസേവന മേഖലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ള കൗണ്‍സിലുകള്‍ 4.99 ശതമാനവും അല്ലാത്തവ 2.99 ശതമാനവുമാണ് ടാക്‌സ് വര്‍ധിപ്പിച്ചത്. കൌണ്ടി കൗണ്‍സില്‍ നെറ്റ്?വര്‍ക്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ 75 ശതമാനം കൗണ്‍സിലുകളും ഇക്കുറി ജനഹിത പരിശോധന കൂടാതെ നടപ്പാക്കാവുന്ന പരമാവധി നിരക്കില്‍ ടാക്‌സ് വര്‍ധിപ്പിച്ചു. മൂന്നു കിടപ്പുമുറിയുള്ള സാധാരണ ഡി-ബാന്‍ഡ് വീടിന് 2,065 പൗണ്ടാണ് പുതിയ കൗണ്‍സില്‍ ടാക്‌സ്.
വലിയ കടക്കെണിയിലായ ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ വരുന്ന രണ്ടുവര്‍ഷംകൊണ്ട് 21 ശതമാനം വര്‍ധനയാണ് കൗണ്‍സില്‍ ടാക്‌സില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം സ്വയം പാപ്പരായി പ്രഖ്യാപിച്ച കൗണ്‍സിലുകളായ വോക്കിങ് ബറോ കൗണ്‍സില്‍ പത്തുശതമാനവും സ്ലോ കൗണ്‍സില്‍ എട്ടുശതമാനവും വര്‍ധനയാണ് കൗണ്‍സില്‍ ടാക്‌സില്‍ വരുത്തുന്നത്. വെയില്‍സിലെ പെബ്രോക്ഷെയര്‍ കൗണ്‍സില്‍ 16 ശതമാനം വര്‍ധനയും പ്രഖ്യാപിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മിക്കവാറും കൗണ്‍സിലുകള്‍ ടാക്‌സ് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ മാത്രമാണ് 2025 വരെ കൗണ്‍സില്‍ ടാക്‌സില്‍ വര്‍ധന ഇല്ലാത്തത്. റബിഷ് കളക്ഷന്‍, സ്ര്ടീറ്റ് ലൈറ്റ്, ലൈബ്രറി, പൊലീസ്, ഫയര്‍ സര്‍വീസ്, യൂത്ത്ക്ലബ്ബ്, പാര്‍ക്കുകള്‍, റിക്രിയേഷന്‍ സംവിധാനങ്ങള്‍ എന്നിവയ്‌ക്കെല്ലാമായി പ്രാദേശിക ഭരണകൂടത്തിന് നല്‍കുന്ന നികുതിയാണ് കൗണ്‍സില്‍ ടാക്‌സ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ എല്ലാ വീടുകള്‍ക്കും ഇത് നല്‍കണം. 18 വയസ് പൂര്‍ത്തിയായവര്‍ സ്വന്തം വീടുള്ളവരോ വാടകയ്ക്ക് താമസിക്കുന്നവരോ ആണെങ്കില്‍ കൗണ്‍സില്‍ ടാക്‌സ് നല്‍കണം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇതില്‍ 25 ശതമാനം ഇളവുണ്ട്. വിദ്യാര്‍ഥികള്‍ മാത്രം താമസിക്കുന്ന വീടാണെങ്കിലും ടാക്‌സ് നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാര്‍ക്കും ഇളവുണ്ട്. സാധാരണ കൗണ്‍സിലുകള്‍ 10 മാസത്തെ തുല്യ ഗഡുക്കളായാണ് ഈ കരം പിരിക്കുന്നത്. പന്ത്രണ്ട് തവണയാക്കാനും മൊത്തമായി ഒരുമിച്ച് അടയ്ക്കാനും വ്യവസ്ഥയുണ്ട്. വീടിന്റെ വലിപ്പം, വില എന്നിവ അനുസരിച്ചുള്ള വിവിധ ബാന്‍ഡിന് വ്യത്യസ്ത നിരക്കിലാണ് നികുതി. വീടിന്റെ വില കൂടുന്നതനുസരിച്ച് നികുതിയും കൂടും.