ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാന്‍സ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വീട് ഉടമകള്‍. മൂന്നു ശതമാനത്തില്‍ താഴെ, രണ്ടുവര്‍ഷത്തേക്കും അഞ്ചുവര്‍ഷത്തേക്കുമൊക്കെ ഫിക്‌സഡ് മോര്‍ഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോര്‍ഗേജാണ് 2024ല്‍ വരുന്നത്. ഇവര്‍ക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവ് ആശ്വാസവും, വര്‍ധന വലിയ പ്രഹരവുമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച 2026 ആകുമ്പോഴേക്കും അമ്പതു ലക്ഷം പേരാണ് ബ്രിട്ടനില്‍ വീടുകള്‍ റീമോര്‍ഗേജ് നടത്താനുള്ളത്. കോവിഡ് കാലത്ത് കേവലം 0.25 ശതമാനമായിരുന്ന പലിശനിരക്കാണ് പതിമ്മൂന്ന് തവണയായി ഉയര്‍ത്തി ഇപ്പോള്‍ അഞ്ചു ശതമാനം എന്ന നിരക്കില്‍ എത്തിച്ചിരിക്കുന്നത്. 14 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് നിലവിലുള്ളത്. രാജ്യത്തെ പണപ്പെരുപ്പനിരക്ക് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലായിരുന്നു പലിശ കുത്തനെ ഉയര്‍ത്താനുള്ള ഇത്തരമൊരു തീരുമാനത്തിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതരായത്. എന്നാല്‍ ഇപ്പോള്‍ പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തില്‍ നിന്നും നാല് ശതമാനത്തിലേക്ക് താഴ്ന്നു എന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നിട്ടും പലിശ നിരക്കില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. 2023 ഡിസംബര്‍ 14നുശേഷം നിരക്കുവര്‍ധന ഉണ്ടായിട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പലിശ കുത്തനെ ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം മോര്‍ഗേജുള്ള എല്ലാവരെയും വീടു വാങ്ങാന്‍ കാത്തിരിക്കുന്നവരെയും ശരിക്കും വലയ്ക്കുകതന്നെ ചെയ്തു. അഞ്ചു ശതമാനത്തില്‍ താഴെ ഫിക്‌സഡ് മോര്‍ഗേജുകള്‍ അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ യോഗത്തില്‍ പലിശ കുറയ്ക്കാത്ത പക്ഷം ഇത് ഇനിയും ഉയരും.
ഫിക്‌സഡ് മോര്‍ഗേജുകള്‍ താങ്ങാനാകാതെ വന്നതോടെ പലരും ഇന്ററസ്റ്റ് ഓണ്‍ലി മോര്‍ഗേജിലേക്ക് മാറുകയാണ്. ട്രാക്കര്‍ മോര്‍ഗേജുകളിലേക്കു മാറി, പലിശ കുറയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവക്ക് ഒട്ടും ആശ്വസിക്കാന്‍ വകയില്ലാത്തതാണ് ഓരോദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. ഓരോ 0.25 ശതമാനം വര്‍ധനയ്ക്കും ആനുപാതികമായി ശരാശരി 50-75 പൗണ്ടിന്റെ വര്‍ധനയാണ് ഇക്കൂട്ടര്‍ക്ക് തിരിച്ചടവില്‍ ഉണ്ടാകുന്നത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നതും മാത്രമാണ് ഇന്നത്തെ യോഗത്തില്‍ എല്ലാവരും പ്രതീക്ഷ വയ്ക്കുന്നതിന് കാരണം. പലിശനിരക്ക് കുറയ്ക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ടോറികള്‍ പച്ചതൊടില്ല. ഇതറിഞ്ഞുള്ള തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിലാണ് സമാനമായ രീതിയില്‍ രാജ്യത്ത് പലിശനിരക്ക് അഞ്ചു ശതമാനത്തിലെത്തിയത്. മോര്‍ഗേജുകളെയും ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളെയും ബാങ്ക് ലോണുകളെയുമെല്ലാം പലിശനിരക്കിലെ വര്‍ധന നേരിട്ടു ബാധിച്ചു. ബേസ് റേറ്റ് രണ്ടു ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ വീടു വിപണിയില്‍ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പതിനഞ്ച് ശതമാനം വരെ വിലക്കുറവാണ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഉണ്ടായത്.