Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദം ഒഴിഞ്ഞു
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമര്‍പ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തില്‍ ലിയോ വരദ്കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ ഫൈന്‍ ഗാല്‍ പാര്‍ട്ടി പ്രസിഡന്റ്, നേതാവ് എന്നീ ചുമതലകളില്‍ നിന്നും താന്‍ പടിയിറങ്ങുകയാണെന്നും ലിയോ വരദ്കര്‍ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നല്‍കിയതെന്ന് രാജി പ്രഖ്യാപന വേളയില്‍ ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ ലിയോ വരദ്കര്‍ പങ്കുവച്ചു.

രാജി പ്രഖ്യാപിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഫൈന്‍ ഗാല്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ലീഡറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയുള്ളു. അതുവരെ ലിയോ വരദ്കര്‍ തല്‍സ്ഥാനത്തു തുടരും. അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ് ഇട്ടിരുന്നു ഡോക്ടര്‍ കൂടിയായ ലിയോ വരദ്കര്‍. 2017 ജൂണ്‍ 13 ന് ആദ്യ തവണ പ്രധാനമന്ത്രിയായപ്പോള്‍ പ്രായം 38. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗ അനുരാഗിയായ പ്രധാനമന്ത്രിയും ലിയോ വരദ്കര്‍ ആണ്. ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 2007 മുതല്‍ ഫൈന്‍ ഗാല്‍ പാര്‍ട്ടി ടിഡി ആണ്. ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍, മുംബൈ സ്വദേശി അശോക് വരദ്കറുടെയും അയര്‍ലന്‍ഡ് സ്വദേശിനി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.

 
Other News in this category

 
 




 
Close Window