Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനമായി തുടരും, പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷിച്ച ജനങ്ങള്‍ നിരാശരായി
reporter

ലണ്ടന്‍: രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് നിരാശ നല്‍കുന്ന തീരുമാനമായി ഇത്. നിരക്കില്‍ ഇപ്പോള്‍ കുറവു വരുത്തിയില്ലെങ്കിലും അധികം താമസിയാതെ ഇത്തരമൊരു തീരമാനം ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്?ലി ഉറപ്പു നല്‍കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തില്‍ നിന്നും രണ്ടു ശതമാനത്തിലേക്ക് തിരികെ എത്തിക്കുന്നതിനായിരുന്നു തുടര തുടരെ പലിശ നിരക്ക് ഉയര്‍ത്തി 16 വര്‍ഷത്തിനിടയിലെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിച്ചത്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ 3.4 ശതമാനത്തിലേക്ക് താഴ്ന്നു. അതുകൊണ്ടാണ് ഇന്നലത്തെ മീറ്റിങ്ങില്‍ പലിശ നിരക്കില്‍ എല്ലാവരും കുറവ് പ്രതീക്ഷിച്ചത്. എന്നാല്‍ അല്‍പംകൂടി കാത്തിരിക്കാനായിരുന്നു റിവ്യൂ കമ്മിറ്റിയുടെ തീരുമാനം.

ഇപ്പോള്‍ കുറച്ചില്ലെങ്കിലും പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ എത്തുന്നതിനു മുന്‍പേ പലിശ നിരക്കില്‍ കുറവുണ്ടാകുമെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്. മേയ് ആദ്യവാരം ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ തവണകൂടി പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധര്‍ കാണുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക്കും പ്രഖ്യാപിച്ചിരുന്നു. പലിശ അതേപടി നിലനിര്‍ത്താനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒന്‍പതംഗ ഫിനാന്‍സ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം ഈ മാസവും അടുത്ത മാസവം ഫിക്‌സഡ് മോര്‍ഗേജുകള്‍ തീരുന്നവര്‍ക്ക് തിരിച്ചടിയാകും. നിലവിലെ ഉയര്‍ന്ന നിരക്കില്‍ തന്നെ ഇവര്‍ക്ക് മേര്‍ഗേജുകള്‍ പുതുക്കി നിശ്ചയിക്കേണ്ടി വരും. അല്ലെങ്കില്‍ വളരെ ഉയര്‍ന്ന നിരക്കിലുള്ള ട്രാക്കറിലേക്കോ ഇന്ററസ്റ്റ് ഒണ്‍ലി കോണ്‍ട്രാക്ടിലേക്കോ തല്‍കാലം മാറുക എന്നതാവും ഇവര്‍ക്കു മുന്നിലുള്ള മറ്റൊരു മാര്‍ഗം. മൂന്നു ശതമാനത്തില്‍ താഴെ, രണ്ടുവര്‍ഷത്തേക്കും അഞ്ചുവര്‍ഷത്തേക്കുമൊക്കെ ഫിക്‌സഡ് മോര്‍ഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോര്‍ഗേജാണ് 2024ല്‍ വരുന്നത്. ഇവര്‍ക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവുപോലും ആശ്വാസവും, വര്‍ധന വലിയ പ്രഹരവുമാകുന്ന സ്ഥിതിയാണുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 2026 ആകുമ്പോഴേക്കും 50 ലക്ഷം പേരാണ് ബ്രിട്ടനില്‍ വീടുകള്‍ റീമോര്‍ഗേജ് നടത്താനുള്ളത്.

കോവിഡ് കാലത്ത് കേവലം 0.25 ശതമാനമായിരുന്ന പലിശനിരക്കാണ് 13 തവണയായി ഉയര്‍ത്തി ഇപ്പോള്‍ 5.25 ശതമാനം എന്ന നിരക്കില്‍ എത്തിച്ചിരിക്കുന്നത്. 16 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് നിലവിലുള്ളത് 2023 ഡിസംബര്‍ 14നുശേഷം നിരക്കുവര്‍ധന ഉണ്ടായിട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിലാണ് സമാനമായ രീതിയില്‍ രാജ്യത്ത് പലിശനിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തിയത്. പലിശ നിരക്കിലെ മാറ്റമില്ലായ്മ ബ്രിട്ടനില്‍ രാഷ്ട്രീയ നീക്കങ്ങളെയും ബാധിക്കും. പലിശ നിരക്ക് താഴുന്നതു വരെ പൊതു തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാകും സര്‍ക്കാരിന്റെ ശ്രമം. പണപ്പെരുപ്പത്തിനൊപ്പം പലിശ നിരക്കും താഴ്ന്നാല്‍ സാമ്പത്തിക രംഗത്ത് വന്‍ നേട്ടം ഉണ്ടാക്കിയതായി അവകാശപ്പെട്ട് സര്‍ക്കാരിന് തിരഞ്ഞെടുപ്പിനെ നേരിടാം. പത്തു വര്‍ഷത്തെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ ഇതു മാത്രമാണ് ടോറികള്‍ക്കു മുന്നിലുള്ള ഏക മാര്‍ഗം. അങ്ങനെയായാല്‍ വേനല്‍ അവധിക്കു ശേഷം ഒക്ടോബറിലോ നവംബറിലോ ബ്രിട്ടനില്‍ പൊതു തിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് തെളിയുന്നത്.

 
Other News in this category

 
 




 
Close Window