ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ ഉള്ള കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായുള്ള കണക്കുകള്‍ പുറത്തു വന്നു. ഒരു പെരുമാറ്റ വൈകല്യമായാണ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ (എ ഡി എച്ച് ഡി ) കണക്കാക്കപ്പെടുന്നത്. എ ഡി എച്ച് ഡി ഉള്ളവര്‍ക്ക് ഒരു ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന് മാത്രമല്ല പലപ്പോഴും അവര്‍ അസ്വസ്ഥരാകുന്നതായും കാണപ്പെടുന്നു. എ ഡി എച്ച് ഡി യുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വൈകല്യമുള്ളവരുടെ ചികിത്സയെ കുറിച്ച് ഒരു പ്രധാനപ്പെട്ട അവലോകനത്തിനായി എന്‍എച്ച്എസ് തയ്യാറെടുക്കുകയാണ്.
രോഗനിര്‍ണ്ണയത്തിനും രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നതിനുമായി വളരെ നാള്‍ കാത്തിരിക്കേണ്ടി വരുന്നതായുള്ള പരാതികള്‍ ഇത്തരം രോഗികളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഗ്രൂപ്പുകള്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ ഇത്തരം പ്രശ്‌നമുള്ളവരെ പ്രൈവറ്റ് ചികിത്സകര്‍ ചൂഷണം ചെയ്യുന്നതായുള്ള ആരോപണങ്ങളും ശക്തമാണ്. ഓണ്‍ലൈനില്‍ കൂടി രോഗികളെ ചികിത്സിക്കുകയും പാര്‍ശ്വഫലങ്ങളുള്ള ശക്തിയേറിയ മരുന്നുകള്‍ നല്‍കുന്നതായുമുള്ള പരാതികള്‍ പല പ്രൈവറ്റ് ക്ലിനിക്കുകള്‍ക്കെതിരെ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.