ലണ്ടന്‍: അവധി ആഘോഷിക്കാന്‍ പോകും മുന്‍പ് പാസ്‌പോര്‍ട്ട് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ കാലാവധി പത്തുവര്‍ഷം പിന്നിട്ടതാണെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാനുമതി നിഷേധിക്കും. യുകെയില്‍ പഴയ പാസ്‌പോര്‍ട്ട് പുതിയതിലേക്ക് മാറാന്‍ ഒമ്പതു മാസംവരെ സമയം അനുവദിക്കുന്നുണ്ട്. അതായത് 10 വര്‍ഷവും 9 മാസവും കഴിഞ്ഞാലേ പുതുക്കാതെ പാസ്‌പോര്‍ട്ട് അസാധുവാകൂ. ഇക്കാര്യം യൂറോപ്യന്‍ രാജ്യങ്ങളും നേരത്തേ അംഗീകരിച്ചിരുന്നു. യുകെ യാത്രക്കാര്‍ക്ക് പഴയ പാസ്പോര്‍ട്ട് പുതുക്കാതെ ഒമ്പത് മാസംവരെ യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രകള്‍ക്കായി കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. ഇത് ബ്രെക്‌സിറ്റിനുമുമ്പ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്നപ്പോഴത്തെ കാര്യം.
എന്നാല്‍ ബ്രെക്സിറ്റിനുശേഷം, 10 വര്‍ഷംമുമ്പ് നല്‍കിയ പാസ്പോര്‍ട്ടുകള്‍ അഥവാ 10 വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാത്തവ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കില്ല. യുകെ ഇയു വിട്ടതിനാല്‍, ഐസ്ലാന്‍ഡ്, നോര്‍വേ, ലിച്ചെന്‍സ്‌റ്റൈന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയും അയര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് പുറപ്പെടുന്ന തീയതിക്ക് 10 വര്‍ഷത്തില്‍ താഴെമുമ്പ് ലഭിച്ച പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം യാത്രക്കാര്‍ പ്ലാന്‍ ചെയ്തബി ടൂറിലെ റിട്ടേണ്‍ തീയതിക്കുശേഷം മൂന്ന് മാസത്തേക്ക് കൂടി സാധുതയുള്ള പാസ്സ്‌പോര്‍ട്ടുകളും മാത്രമേ സ്വീകരിക്കൂ എന്നതാണ്. 2018 ന് ശേഷം നല്‍കുന്ന പാസ്പോര്‍ട്ടുകള്‍ക്ക് കൃത്യം 10 ??വര്‍ഷത്തേക്ക് സാധുതയുണ്ട്. എന്നിരുന്നാലും, 2018 സെപ്റ്റംബറിന് മുമ്പ് ഒരു യുകെ പാസ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍, അത് 10 വര്‍ഷവും ഒമ്പത് മാസവും വരെ സാധുതയുള്ളതായിരിക്കും. കാരണം, 2018-ന് മുമ്പ് പാസ്പോര്‍ട്ട് ഓഫീസ്, പഴയ പാസ്പോര്‍ട്ടില്‍ നിന്ന് പുതിയതിലേക്ക് ഒമ്പത് മാസം വരെ ചേര്‍ക്കാറുണ്ടായിരുന്നു. ഇതുമൂലം പാസ്സ്പോര്‍ട്ട് കാലാവധി പത്തുവര്‍ഷം പിന്നിട്ട ചില ആളുകള്‍ക്ക് ഔദ്യോഗികമായി കാലഹരണപ്പെടാത്ത പാസ്പോര്‍ട്ടുകള്‍ ഉണ്ട്. യൂറോപ്പ് ഒഴികെ ഈ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ അവര്‍ക്ക് യാത്രചെയ്യാനും കഴിയും.