ലണ്ടന്‍: രാജ്യത്ത് ഇന്ന് മുതല്‍ മിനിമം വേതന നിരക്ക് ഉയരും . ഏകദേശം 2.7 ദശലക്ഷം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകള്‍. മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടില്‍ നിന്ന് 11.44 പൗണ്ട് ആയാണ് ഉയരുന്നത് . ആദ്യമായാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം ഒരു പൗണ്ടില്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നത്. നേരത്തെ മിനിമം വേതനത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നത് 23 വയസ്സിന് മുകളിലുള്ളവര്‍ക്കായിരുന്നു . എന്നാല്‍ ഈ വര്‍ഷം മുതല്‍ മിനിമം വേതന വര്‍ദ്ധനവിന്റെ പ്രായപരിധി 21 വയസ്സാക്കിയത് കൂടുതല്‍ ആളുകള്‍ക്ക് വര്‍ദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാവും. 16 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ട് ആയിരിക്കും. നിലവില്‍ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടില്‍നിന്ന് 8.60 പൗണ്ട് ആയി ഉയര്‍ത്തിയിട്ടുണ്ട്.
വേതന വര്‍ദ്ധനവ് നടപ്പില്‍ വരുന്നതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇന്‍ഡിപെന്‍ഡന്റ് അഡൈ്വസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വര്‍ഷവും പുതുക്കി നിശ്ചയിക്കുന്നത്. . 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തില്‍ എല്ലാ വര്‍ഷവും കുറഞ്ഞ അടിസ്ഥാന വേതനത്തില്‍ വര്‍ദ്ധനവ് വരുത്തി തുടങ്ങിയത്. യുകെയില്‍ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികള്‍ക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എച്ച് എം ആര്‍ സി വെബ്‌സൈറ്റില്‍ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് ശരിയായ വേതനം നല്‍കാത്തതിന് 7 മില്യണ്‍ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.