ബെല്‍ഫാസ്റ്റ്: ഈ വര്‍ഷാവസാനം പുതിയ പൊതുഗതാഗത കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ബെല്‍ഫാസ്റ്റിന്റെ സിറ്റി സെന്റര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളിയാഴ്ച അടച്ചു. അവസാന ട്രെയിന്‍ ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്ന് രാത്രി 11:32 (BST) ന് പുറപ്പെട്ടു. പുതിയ ഗതാഗത കേന്ദ്രമായ ബെല്‍ഫാസ്റ്റ് ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന്‍ ശരത്കാലം വരെ തുറക്കില്ല. റെയില്‍ ശൃംഖലയെ പുതിയ ഹബ്ബുമായി ബന്ധിപ്പിക്കുന്നതിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യ ജോലികള്‍ പുരോഗമിക്കുകയാണ്. ബൊട്ടാണിക്, ലാനിയോണ്‍ പ്ലേസ് എന്നീ റെയില്‍വേ സ്റ്റേഷനും യൂറോപ്പ ബസ് സ്റ്റേഷനും തുടര്‍ന്നും പ്രവര്‍ത്തിക്കും. ഏകദേശം 200 വര്‍ഷം പഴക്കമുള്ളതാണ് ബെല്‍ഫാസ്റ്റിലെ ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റിലെ റെയില്‍ സേവനങ്ങള്‍. റെയില്‍, ബസ് സര്‍വീസുകള്‍ സംയോജിപ്പിച്ചാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഇന്ന് മുതല്‍, ട്രാന്‍സ്ലിങ്ക് അവതരിപ്പിച്ച പുതുക്കിയ ട്രെയിന്‍ ടൈംടേബിള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇത് ശരത്കാലം വരെ പ്രവര്‍ത്തിക്കും. പിന്നീട് വേനല്‍ക്കാലത്ത്, ലാനിയോണ്‍ പ്ലേസിനും ലിസ്‌ബേണിനുമിടയില്‍ റെയില്‍ പാത അടയ്ക്കും. ഇതിന് പകരം കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.
''തനിക്കും മകനും ട്രെയിനുകളില്‍ താല്‍പ്പര്യമുണ്ട്. ഡബ്ലിനിലേക്ക് ധാരാളം യാത്ര പോകാറുണ്ട്. ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് സ്റ്റേഷനിലെ ചരിത്രപരമായ കെട്ടിടവും ആകര്‍ഷകമായ വാസ്തുവിദ്യയും ഇനി ഓര്‍മ്മകളിലേക്ക് മടങ്ങുകയാണ്. ചെറുപ്പക്കാരും പ്രായമായവരുമായ നിരവധി ട്രെയിന്‍ പ്രേമികളുള്ള പ്ലാറ്റ്ഫോമില്‍ തങ്ങളുടേത് മനോഹരമായ ഓര്‍മ്മകളാണ്.പുതിയ ഹബ് തിളക്കമാര്‍ന്നതായിരിക്കും. ഇത് നഗരത്തിന് ഒരു പുതിയ മുഖം നല്‍കും '' -അവസാന ട്രെയിന്‍ വരുന്നതും കാത്തിരുന്ന സ്റ്റുവര്‍ട്ട് ഹാമില്‍ട്ടണ്‍ പറഞ്ഞു. ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് അടച്ചുപൂട്ടുന്നതും പുതിയ ഹബ് തുറക്കുന്നതും തമ്മിലുള്ള അന്തരം നിരവധി സ്ഥിരം യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കും. വെള്ളിയാഴ്ച രാവിലെ ഒരു യാത്രക്കാരി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ അഞ്ച് ദിവസവും ജോലിക്ക് സമയത്ത് എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ മുന്‍പ് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരും. എനിക്ക് ഇപ്പോള്‍ ഒരു ബസ് കിട്ടാനുണ്ട്, ട്രെയിനുകള്‍ ഇപ്പോഴും ഓടുന്നുണ്ടെന്ന് അവര്‍ പറയുന്നതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ ടിക്കറ്റ് ബസുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ എനിക്ക് കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കാനുള്ള സമയത്ത് ഓടുന്നില്ല, അതിനാല്‍ എനിക്ക് ഒന്നിലധികം ട്രെയിനുകളും ഒന്നിലധികം ബസുകളും യാത്ര നടത്തേണ്ടി വരുന്നു. നിലവിലെ നിര്‍മാണ ജോലി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഇത് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതാണെന്നും , എന്നാല്‍ ജോലിക്ക് ആളുകള്‍ക്ക് സമയത്ത് എത്താന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനങ്ങളും നടപ്പിലാക്കണമെന്ന് യാത്രക്കാരി കൂട്ടിച്ചേര്‍ത്തു.