ലണ്ടന്‍: ഋഷി സുനാകിന്റെ സ്വപ്നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി പ്രധാനമന്ത്രി ഒപ്പുവെച്ച വിന്‍ഡ്സര്‍ ഫ്രേംവര്‍ക്ക് പ്രകാരമുള്ള മനുഷ്യാവകാശ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് ബെല്‍ഫാസ്റ്റിലെ ഹൈക്കോടതിയുടെ വിധി. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രകാരവും ആക്ട് അസാധുവാണെന്ന് ജസ്റ്റിസ് ഹംഫ്രീസ് പറഞ്ഞു.
എന്നാല്‍ കോടതി വിധി സ്‌കീം നടപ്പാക്കുന്നതിനെ ബാധിക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദേശ സുരക്ഷയെ പ്രതിരോധിക്കാനുള്ള തന്റെ ശ്രമത്തിന് കോടതിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുനാക് പ്രതികരിച്ചു. 'അനധികൃത കുടിയേറ്റം പോലുള്ള വിഷയങ്ങളിലേക്ക് ബെല്‍ഫാസ്റ്റ് എഗ്രിമെന്റ് ദീര്‍ഘിപ്പിക്കേണ്ട. ഈ നിലപാട് തുടരും, അപ്പീല്‍ ഉള്‍പ്പെടെ നല്‍കും', അദ്ദേഹം പറഞ്ഞു. എന്നാല്‍ റുവാന്‍ഡ സ്‌കീം നടപ്പാക്കിയതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് അനധികൃത കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന മേഖലയായി മാറിയെന്ന് ഡിയുപി മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കന്‍ രാജ്യത്തേക്ക് നാടുകടത്തുമെന്ന ഭീതിയില്‍ കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേക്ക് ഉള്‍പ്പെടെ പോകുകയാണ്.