ലണ്ടന്‍: വെള്ളത്തില്‍ പൊരുതി നിന്ന് മുതലയെ കീഴടക്കി ഇരട്ട സഹോദരിയെ രക്ഷിച്ച ജോര്‍ജിയ ലൗറിയെ (31) ചാള്‍സ് രാജാവ് ധീരതാ പുരസ്‌കാരം നല്‍കി ആദരിച്ചു. മെക്‌സിക്കോയിലെ തടാകത്തില്‍ 2021 ജൂണില്‍ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റന്‍ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോര്‍ജിയ കണ്ടത്. അധികം വൈകാതെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മെലിസയെ കണ്ടെത്തി.
ബോട്ടില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ ജോര്‍ജിയ നേരിട്ടു. മുഖത്ത് പലതവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോര്‍ജിയ രക്ഷിച്ചു. ഏറെ നാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന മെലിസ പിന്നീടു ജീവിതത്തിലേക്കു തിരിച്ചു വന്നു. മുതലയെ ആക്രമിക്കുന്നതിനിടയില്‍ ജോര്‍ജിയയുടെ മുഷ്ടിയില്‍ വലിയ മുറിവുണ്ടായി. വയറ്റിലും കാലിലുമടക്കം പരുക്കേല്‍ക്കുകയും ചെയ്തു.