|
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള അപേക്ഷകളും കുറഞ്ഞിരുന്നു.
മികച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വിസാ പ്രോഗ്രാം തുടരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 40 ശതമാനത്തിലേറെ ഗ്രാജുവേറ്റ് വിസകളും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. മുന്‍പ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
2024 ജനുവരിയില്‍ മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. 2024 സെപ്റ്റംബര്‍ വരെ വിദ്യാര്‍ത്ഥികളുടെ ഡെപ്പോസിറ്റില്‍ 63% കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിഷ്‌കാരം വേണ്ടെന്നാണ് എംഎസി ചൂണ്ടിക്കാണിക്കുന്നത്. |