ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ജാഗ്രതാ സമ്മേളനം നടത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്തത് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.
മുന്‍ എ.എന്‍.സി എം.പിയും എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്‍ഡ്രൂ ഫെയിന്‍സ്റ്റൈന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. ഗസ്സയില്‍ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും തീവ്രമായ വംശീയ-ദേശീയവാദികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഹിന്ദു ദേശീയ തത്ത്വചിന്തയ്ക്ക് നാസി, യഹൂദ വിരുദ്ധ പ്രസ്ഥാനമായ ആര്‍.എസ്.എസില്‍ വേരുകളുണ്ടെന്നും ഇസ്രായേല്‍-മോദി ബന്ധം വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കെയര്‍ സ്റ്റാര്‍മറിനെതിരെ മത്സരിക്കുമെന്ന് ഫെയിന്‍സ്റ്റൈന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിലും ഓരോ ഘട്ടത്തിലും ആരോപിക്കപ്പെടുന്ന അഴിമതിയിലും സമ്മേളനത്തില്‍ സംസാരിച്ചവര്‍ ആശങ്ക പങ്കുവച്ചു. പാരിസ്ഥിതിക വിനാശകാരിയായ കല്‍ക്കരി ഖനികള്‍ക്കും റിഫൈനറികള്‍ക്കും വഴിയൊരുക്കാന്‍ വേണ്ടി കുടിയിറക്കപ്പെടുന്ന ആദിവാസി സമൂഹങ്ങളെ പീഡിപ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെയും സുരക്ഷാ സേനയുടെയും പിന്തുണയുണ്ടെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിലെ കല്‍പ്പന വില്‍സണ്‍ അഭിപ്രായപ്പെട്ടു. മോദിയുടെ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളെ വിമര്‍ശിച്ച് യു.കെയിലെ ജാതി സംഘടനയായ കാസ്റ്റ് വാച്ച് യു.കെയുടെ അധ്യക്ഷന്‍ സത്പാല്‍ മുമാന്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ദിവസവും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും മുസ്ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കമുള്ള ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ നേരിടാന്‍ നാം ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയില്‍ ഹിന്ദു ദേശീയതയുടെ പേരില്‍ നടക്കുന്ന വംശഹത്യയെയും വംശീയ ഉന്മൂലനത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ താന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്ക് പകരം ക്രൂരവും സ്ത്രീവിരുദ്ധവും ജാതീയവുമായ രണ്ടാം നൂറ്റാണ്ടിലെ നിയമങ്ങള്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ എങ്ങനെയാണ് ഇസ്ലാമോഫോബിയ സാധാരണ കാര്യമായി മാറ്റിയതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ മുഖം ബ്രിട്ടനിലെ ആര്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ജനതയെയും പങ്കാളികളെയും ഏജന്‍സികളെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും യു.കെ-ഇന്ത്യന്‍ മുസ്ലിം കൗണ്‍സിലിലെ മുഹമ്മദ് ഒവൈസ് പറഞ്ഞു. മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന സജീവവും സംഘടിതവുമായ പ്രവാസിശബ്ദങ്ങള്‍ ഇല്ലെന്ന് കരുതി വഞ്ചിതരാകരുത്. തങ്ങള്‍ ഇവിടെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും 'ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് യു.കെ' ഡയറക്ടര്‍ രാജീവ് സിന്‍ഹ പറഞ്ഞു.