ലണ്ടന്‍: ബ്രിട്ടന്റെ നിത്യജീവിതത്തില്‍ ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന റോയല്‍ മെയിലില്‍ 3.5 ബില്യന്റെ നിക്ഷേപം നടത്തി ഉടമസ്ഥാവകാശം സ്ഥാപിക്കാനൊരുങ്ങി ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരന്‍ ഡാനിയേല്‍ ക്രെന്റെസ്‌കി. ചെക്ക് റിപ്പബ്ലിക്കിലെ ഇപി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ക്രെന്റെസ്‌കി. റോയല്‍ മെയിലിന്റെ മാതൃ കമ്പനിയായ ഇന്റര്‍നാഷനല്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസിന്റെ ഓഹരികള്‍ 3.70 പൗണ്ട് നിരക്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇപി ഗ്രൂപ്പിന്റെ പ്രപ്പോസല്‍.
ഏപ്രില്‍ മാസത്തില്‍ മറ്റൊരു കമ്പനിയില്‍ നിന്നും ലഭിച്ച 3.20 പൗണ്ടിന്റെ ബിഡ്ഡിനേക്കാള്‍ ഏറെ മികച്ച ഓഫറാണിത്. ക്രെന്റെസ്‌കിയുടെ ഓഹരി നിക്ഷേപ കമ്പനിക്ക് നിലവില്‍ റോയല്‍ മെയിലിന്റെ 27.6 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്. ഇതിനു പുറമെയാണ് പുതിയ കരാറില്‍ ഏര്‍പ്പെട്ട് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കം. പുതിയ ഡീല്‍ ഉറപ്പിച്ചാല്‍ റോയല്‍ മെയിലിന്റെ ബിസിനസ് വളര്‍ച്ച പുതിയ തലങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ.