ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് ബ്രിട്ടനില്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ നടപ്പാക്കി. രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരായ ശുചിത സംബന്ധമായ ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് ഉയര്‍ന്ന അളവിലുള്ള അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഹോങ്കോങ് കഴിഞ്ഞ മാസം എംഡിഎച്ച് നിര്‍മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിന്റെ ഒരെണ്ണത്തിന്റെയും വില്‍പന നിര്‍ത്തിവച്ചിരുന്നു. എവറസ്റ്റ് മിക്സ് തിരിച്ചുവിളിക്കാന്‍ സിങ്കപ്പൂരും ഉത്തരവിട്ടിരുന്നു. ന്യൂസീലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ഓസ്ട്രേലിയ എന്നിവ ഈ രണ്ട് ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു.ഇന്ത്യയില്‍ നിന്നുള്ള എഥിലീന്‍ ഓക്‌സൈഡ് ഉള്‍പ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനിയുടെ ഉപയോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് യുകെയുടെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) വ്യക്തമാക്കി. സ്വീകരിക്കുന്ന കൃത്യമായ നടപടികളെക്കുറിച്ച് ഏജന്‍സി വിശദീകരിച്ചിട്ടില്ല.'എഥിലീന്‍ ഓക്‌സൈഡിന്റെ ഉപയോഗം ഇവിടെ അനുവദനീയമല്ല ' എഫ്എസ്എയിലെ ഫുഡ് പോളിസി ഡപ്യൂട്ടി ഡയറക്ടര്‍ ജയിംസ് കൂപ്പര്‍ റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.