ലണ്ടന്‍: ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക കുറ്റവാളിയായ റയാന്‍ സ്‌കോട്ടിനെ(21) പിടികൂടുമ്പോള്‍ അയാളുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ തടവിലുണ്ടായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. ഇയാളുടെ വീട്ടില്‍ കുട്ടികള്‍ ഉള്ളതായി അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് വീടിന് അകത്ത് കയറിയപ്പോഴേക്കും 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം കോറല്‍ സ്‌കോട്ട് എന്ന പേരില്‍ സമാനമായ കേസില്‍ സ്‌കോട്ട് ശിക്ഷപ്പെട്ടിട്ടുണ്ട്. അന്ന് പ്രതിയെ സ്ത്രീയായിട്ടാണ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9 ന് 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ഡണ്ടി ഷെരീഫ് കോടതിയില്‍ സ്‌കോട്ട് സമ്മതിച്ചു. കുറ്റകൃത്യം നടക്കുന്നതിന് ഒരു മാസം മുന്‍പ്, സ്‌കോട്ടിനെ 16 വയസ്സിന് താഴെയുള്ള കുട്ടികളുമായി മേല്‍നോട്ടമില്ലാതെ സമ്പര്‍ക്കം പുലര്‍ത്തുന്നത് കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് പ്രതി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. വിലക്ക് ഏര്‍പ്പെടുത്തുകയും ഇത് പരിശോധിക്കാന്‍ അധികൃതരെ കോടതി ചുമതലപ്പെടുത്തിയ ശേഷമായിരുന്നു പ്രതിയെ ജയില്‍ മോചിതനാക്കിയത്. പോള്‍മോണ്ടില്‍ തടവിലാക്കപ്പെട്ട സ്‌കോട്ടിനെ ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററില്‍ ഉള്‍പ്പെടുത്തി. മുന്‍പും പല കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തതായി സ്‌കോട്ടിനെതിരെ പരാതിയുണ്ട്.