ലണ്ടന്‍: ആണുങ്ങള്‍ പണിയെടുക്കുന്നു, പെണ്ണുങ്ങള്‍ വീട്ടിലെ പണിയെടുക്കുന്നു. ഒരു കാലത്ത് ഇതായിരുന്നു മാനസികസ്ഥിതി. ഇപ്പോള്‍ പെണ്ണുങ്ങള്‍ പുറത്തിറങ്ങി പണിയെടുക്കുന്നത് സമൂഹം സ്വീകരിച്ച് കഴിഞ്ഞതോടെ മറുഭാഗത്ത് ആണുങ്ങള്‍ ജോലിക്ക് പോകാന്‍ മടിക്കുന്നതാണ് സ്ഥിതി. ജോലി ആവശ്യമില്ലെന്ന് കരുതുന്ന ആണുങ്ങളുടെ എണ്ണമേറുന്നുവെന്നാണ് ബ്രിട്ടന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 16 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ള 3.165 മില്ല്യണ്‍ പുരുഷന്‍മാരാണ് സ്വന്തം ഇഷ്ടപ്രകാരം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മഹാമാരി ആരംഭിച്ച 2020 തുടക്കത്തില്‍ ഇത് 2.5 മില്ല്യണായിരുന്നു. ഇതോടെ ദീര്‍ഘകാല രോഗാവസ്ഥകളുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ 3 ലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാല രോഗങ്ങളുടെ പേരുപറഞ്ഞ് ന്യായീകരിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്ന് ദശകം മുന്‍പ് പണിയെടുക്കാത്ത പുരുഷന്‍മാരുടെ എണ്ണം 1.8 മില്ല്യണില്‍ താഴെയായിരുന്നു. അതേസമയം ജോലി വേണ്ടെന്ന് തീരുമാനിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെക്കുറെ സ്ഥിരതയിലാണ്. നാല് മുതല്‍ നാലര മില്ല്യണ്‍ വരെയാണ് ഇത്. ഒഎന്‍എസ് ലേബര്‍ ഫോഴ്സ് സര്‍വ്വെയിലാണ് സാമ്പത്തികമായി ആക്ടീവല്ലാത്തതിന് കാരണം തിരക്കിയത്. പഠനം, വീട് അല്ലെങ്കില്‍ കുടുംബത്തെ നോക്കുക, താല്‍ക്കാലിക രോഗം, ദീര്‍ഘകാല രോഗം, വിരമിക്കല്‍ എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഏകദേശം 7.661 മില്ല്യണ്‍ ആളുകളാണ് ജോലി ആവശ്യമില്ലെന്ന് വിധിയെഴുതിയത്. ഇതില്‍ എത്ര പേരാണ് ബെനഫിറ്റില്‍ കഴിയുന്നതെന്ന് ഒഎന്‍എസ് രേഖപ്പെടുത്തിയിട്ടില്ല.