ലണ്ടന്‍: യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളിലൊന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. അടുത്തിടെ ഇവിടുത്തെ ജീവനക്കാരുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് റെഡ്ഡിറ്റില്‍ വൈറലായി. കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലിക്കിടെ വിചിത്രമായി പെരുമാറിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ.
ഒരു സ്റ്റാഫ് അംഗം പറഞ്ഞത്, ''ഞാന്‍ ഓഫീസിലെത്തുമ്പോള്‍ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലര്‍ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവര്‍ക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാര്‍ തന്നതെങ്കില്‍, ഞാന്‍ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു'' എന്നാണ്. റോയല്‍ മെയില്‍ വക്താവ് റെഡ്ഡിറ്റില്‍ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകള്‍ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോള്‍ ചില പാക്കേജുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. അതില്‍ നിന്നും വീഴുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു.