Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം, മരിച്ചത് 3000 പേര്‍, മാപ്പു പറഞ്ഞ് ബ്രിട്ടന്‍
reporter

ലണ്ടന്‍: 1970-1991 കാലഘട്ടത്തില്‍ സംഭവിച്ച തെറ്റിനാണ് പ്രധാനമന്ത്രി ഋഷി സുനക് ഇന്നലെ പാര്‍ലമെന്റില്‍ രാജ്യത്തോട് ക്ഷമാപണം നടത്തിയത്. ഈ കാലയളവില്‍, കൃത്യമായ പരിശോധനയില്ലാതെ ശേഖരിച്ച അണുബാധയുള്ള രക്തം മുപ്പതിനായിരത്തിലധികം രോഗികള്‍ക്ക് നല്‍കിയതായി സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ ഫലമായി, ഭൂരിഭാഗം പേര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്‍പ്പെടെ ബാധിച്ചു. സര്‍ ബ്രയാന്‍ ലാങ്സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടില്‍, ഇത്തരത്തിലുള്ള രക്തം സ്വീകരിച്ചതോടെ മൂവായിരത്തിലധികം പേര്‍ കാന്‍സര്‍, ഹെപ്പറ്റൈറ്റിസ് എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ചതായി കണ്ടെത്തി. അഞ്ച് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് കമ്മീഷന്‍ പുറത്തുവിട്ടത്.

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത രക്തശേഖരത്തിലാണ് ഇത്തരം അണുബാധയുള്ള രക്തം കണ്ടെത്തിയത്. ജയില്‍പുള്ളികളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരുമായ ദാതാക്കളില്‍നിന്നും ശേഖരിച്ച രക്തമാണ് ഇത്തരത്തില്‍ എന്‍.എച്ച്.എസില്‍ ചികില്‍സയ്ക്കായി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1986 വരെ ബ്രിട്ടനിലെ ജയില്‍ പുള്ളികളില്‍നിന്നും ഇത്തരത്തില്‍ രക്തം ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന രക്തം കൃത്യമായ പരിശോധനകള്‍ ഇല്ലാതെയാണ് രോഗികള്‍ക്ക് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ച തെറ്റല്ലെന്നും ഡോക്ടര്‍മാരും ബ്ലഡ് സര്‍വീസും കാലാകാലങ്ങളില്‍ ഭരണത്തിലിരുന്ന സര്‍ക്കാരുകളും എല്ലാം രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മിഷന്‍ വ്യക്തമാക്കുന്നത്. രോഗികളുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും വലിയ പ്രാധാന്യം നല്‍കേണ്ടത് എന്ന തത്വം ഇക്കാര്യത്തില്‍ വിസ്മരിക്കപ്പെട്ടു.

ഇത്തരത്തില്‍ ശേഖരിച്ച രക്തം നല്‍കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുരിച്ചും അപകടത്തെക്കുറിച്ചും രോഗികളെ ബോധവാന്മാരാക്കിയിരുന്നില്ല. അതിനാല്‍തന്നെ ഇതുമൂലമുള്ള അപകടം രോഗികള്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് അന്വേഷണം തുറന്നുകാട്ടുന്നത്. ഏറ്റവും മികച്ച ചികില്‍സയാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് മാറിവന്ന സര്‍ക്കാരുകളും ആവര്‍ത്തിച്ചു. വിദേശത്തുനിന്നും രക്തം ഇറക്കുമതി ചെയ്യുന്നതിന്റെ അപകട സാധ്യത പലരും ചൂണ്ടിക്കാട്ടിയിട്ടും 1983ല്‍ ഇതിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വിഴ്ച വരുത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. രക്തം പരിശോധിക്കുന്നതില്‍ യുകെ ബ്ലഡ് സര്‍വീസ് വരുത്തിയ വീഴ്ചയെയും അന്വേഷണ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെയും അന്നത്തെ ആരോഗ്യമന്ത്രിയും വിമര്‍ശിക്കുന്നതാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍. കമ്മിഷന്റെ കണ്ടെത്തലുകളെ ശരിവച്ച് നിര്‍വ്യാജമായിരുന്നു ഇന്നലെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ മാപ്പു പറച്ചില്‍. പിന്നാലെ പ്രതിപക്ഷ നേതാവും കാലാകാലങ്ങളിലുണ്ടായ ഭരണപരമായ വീഴ്ചയ്ക്ക് രാജ്യത്തോട് മാപ്പു പറഞ്ഞു. രാജ്യത്തിന് ഇത് നാണക്കേടിന്റെ ദിനമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ പരാജയത്തിന് പാര്‍ലമെന്റ് രാജ്യത്തോട് മാപ്പു പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window