ലണ്ടന്‍: ബ്രിട്ടന്റെ സ്വദേശിവത്കരണ നീക്കമെന്ന് വിശേഷിപ്പിക്കാവുന്ന പ്രഖ്യാപനങ്ങളെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ്. കുടിയേറ്റ ജോലിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, ബിസിനസ്സുകള്‍ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ബ്രിട്ടീഷ് ജോലിക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശ ജോലിക്കാരെ സാരമായി ആശ്രയിക്കുന്നതിന് പകരം ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്ത് ജോലിക്ക് ആളെ കണ്ടെത്താനാണ് മെല്‍ സ്ട്രൈഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസാ പരിഷ്‌കാരങ്ങളിലൂടെ നെറ്റ് മൈഗ്രേഷനില്‍ പ്രതിവര്‍ഷം 300,000 പേരുടെ കുറവ് വരുന്നത് വിദേശികളെ ആശ്രയിക്കുന്ന മേഖലകള്‍ക്ക് റിക്രൂട്ട്മെന്റ് വെല്ലുവിളി സൃഷ്ടിക്കുമെന്ന് സ്ട്രൈഡ് വ്യക്തമാക്കി.
കെയര്‍ മേഖലയാണ് വിദേശ ജോലിക്കാര്‍ ഇപ്പോള്‍ വന്‍തോതില്‍ എത്തിച്ചേരുന്ന ഒരു തൊഴില്‍മേഖല. കെയര്‍ മേഖലയിലും, ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലും ബ്രിട്ടീഷുകാര്‍ക്ക് മുന്‍ഗണന നല്‍കി ജോലി നല്‍കണമെന്നാണ് നയം ആവശ്യപ്പെടുന്നത്. നേരത്തെ സ്ഥാപനങ്ങള്‍ സ്വദേശികളെ കണ്ടെത്താന്‍ വിഷമിച്ചാല്‍ വിസ ഇളവുകള്‍ നല്‍കിയിരുന്നു. ഇത് ഇനി തുടരില്ല. കുടിയേറ്റ തോത് വെട്ടിക്കുറയ്ക്കാന്‍ ഉറപ്പിച്ച് തന്നെയാണ് നീക്കമെന്ന് സ്ട്രൈഡ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ വിസകള്‍ക്ക് മേലുള്ള നിയന്ത്രണത്തില്‍ ഇനി ഇളവുകള്‍ നല്‍കില്ല. വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള നിയന്ത്രണങ്ങള്‍, കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൊണ്ടുവരുന്നതിലുള്ള വിലക്ക്, മിനിമം സാലറി പരിധി ഉയര്‍ത്തല്‍ എന്നിവ ചേരുന്നതോടെ കുടിയേറ്റം പകുതിയോളം കുറയുമെന്നാണ് കരുതുന്നത്. ഒരു ബ്രിട്ടീഷ് ജോലിക്കാരന് എന്ത് കൊണ്ട് കെയര്‍ വര്‍ക്കര്‍ ആകാന്‍ കഴിയുന്നില്ലെന്നതിന് കാരണമില്ലെന്നാണ് സ്ട്രൈഡ് ചൂണ്ടിക്കാണിക്കുന്നത്.