ലണ്ടന്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 'ലണ്ടനില്‍ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം (#SQ321) 2024 മെയ് 20ന് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. 2024 മെയ് 21ന് പ്രാദേശിക സമയം 3.45ഓടെ വിമാനം അവിടെ ലാന്‍ഡ് ചെയ്തു.'' 'അപകടത്തില്‍പ്പെട്ട ബോയിംഗ് 777-300ഇആര്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.'' - - സിംഗപ്പുര്‍ എയര്‍ലൈന്‍സ് എക്‌സില്‍ കുറിച്ചു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്‌ക്യു21 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ബോയിങ് 777-300 ഇആര്‍ വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരിച്ചിരുന്നു. തായ്ലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ യാത്രക്കാര്‍ക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച യാത്രക്കാരന്റെ കുടുംബത്തിനും പരുക്കേറ്റ യാത്രക്കാര്‍ക്കും എല്ലാവിധ സഹായവും എത്തിക്കുമെന്ന് സിംഗപ്പൂര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ചീ ഹോങ് ടാറ്റ് വ്യക്തമാക്കി.