ലണ്ടന്‍: യുകെയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന മൂന്നാമത് ബ്രിട്ടിഷ് കബഡി ലീഗ് മത്സരങ്ങളില്‍ വനിത വിഭാഗത്തില്‍ നോട്ടിങ്ങാം റോയല്‍സ് വനിത ടീമിന് വിജയം. ഇത്തവണ ആദ്യമായാണ് മത്സരങ്ങളില്‍ മലയാളികളുടെ ടീമായ നോട്ടിങ്ങാം റോയല്‍സ് വനിത ടീമിനെ രംഗത്തിറക്കിയത്. ആദ്യ മത്സരം ഫൈനല്‍ കപ്പ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. നോട്ടിങ്ങാം റോയല്‍സിനെ കൂടാതെ ബര്‍മിങ്ങാം ബുള്‍സ്, ഗ്ലാസ്‌ഗോ യൂണികോണ്‍സ്, വേള്‍വര്‍ഹാംപ്റ്റണ്‍ വേള്‍വ്‌സ്, മാഞ്ചസ്റ്റര്‍ റൈഡേഴ്സ്, എഡിന്‍ബറോ ഈഗിള്‍സ്, കവന്ററി ചാര്‍ജേഴ്‌സ്, സാന്‍ഡ് വെല്‍ കിങ്സ്, വാല്‍സ് വെല്‍ ഹണ്ടേഴ്‌സ് എന്നിവയാണ് കബഡി ലീഗില്‍ പങ്കെടുത്ത ടീമുകള്‍.
ബ്രിട്ടിഷ് കബഡി ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍, വോള്‍വര്‍ഹാംപ്റ്റണ്‍ എന്നീ ടീമുകള്‍ക്കെതിരെ വമ്പന്‍ വിജയം നേടിയാണ് നോട്ടിങ്ങാം റോയല്‍സ് വനിതാ ടീം ഫൈനലില്‍ പ്രവേശിച്ചത്. ബര്‍മിങ്ങാമില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ വോള്‍ഫ് പാക്ക് ടീമിനെതിരെ 43-21 സ്‌കോറിലായിരുന്നു വിജയം. എറണാകുളം സ്വദേശിനിയായ ആതിര സുനിലായിരുന്നു ടീം ക്യാപ്റ്റന്‍. പ്രസിമോള്‍ കെ പ്രെനിയായിരുന്നു വൈസ് ക്യാപ്റ്റന്‍. ഇത്തവണ പുരുഷ വിഭാഗത്തില്‍ നോട്ടിങ്ങാം റോയല്‍സ് ടീം മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. മലപ്പുറം സ്വദേശി മഷൂദ് ക്യാപ്റ്റനും ഹരികൃഷ്ണന്‍ വൈസ് ക്യാപ്റ്റനുമയാണ് ടീമിനെ നയിച്ചത്. രാജു ജോര്‍ജ്(ടീം മാനേജര്‍), സജി മാത്യു(കോച്ച്), ജിത്തു ജോസഫ്(കോര്‍ഡിനേറ്റര്‍) എന്നിവരാണ് ടീമിന് നേതൃത്വം നല്‍കിയത്.