ലണ്ടന്‍: ബ്രിട്ടനിലെ ചരിത്രമുറങ്ങുന്ന കേംബ്രിജ് സിറ്റിയുടെ മേയറായി മലയാളിയായ ബൈജു വര്‍ക്കി തിട്ടാല. ഒരു വര്‍ഷമായി കേംബ്രിജ് സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുന്ന ബൈജു വര്‍ക്കി തിട്ടാല ഇന്നു രാവിലെ ബ്രിട്ടിഷ് സമയം പതിനൊന്നിന് കേംബ്രിജിന്റെ മേയറായി സ്ഥാനമേല്‍ക്കും. ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഓരാള്‍ കേംബ്രിജ് സിറ്റി കൗണ്‍സിലില്‍ മേയറാകുന്നത്. ബ്രിട്ടണിലും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനം ഉണര്‍ത്തുന്ന അംഗീകാരമാണ് ബൈജു എന്ന ചെറുപ്പക്കാരനിലൂടെ മലയാളക്കരയെ തേടിയെത്തുന്നത്. കേരളത്തില്‍ കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു, തൊഴിലിടങ്ങളില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്.
2013-ല്‍ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും എല്‍എല്‍ബി. ബിരുദം നേടി. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും എംപ്ലോയ്‌മെന്റ് ലോയില്‍ ഉന്നത ബിരുദവും നേടി. 2018ല്‍ കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നും ലേബര്‍ ടിക്കറ്റില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2019 മുതല്‍ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനല്‍ ഡിഫന്‍സ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു.
ബ്രിട്ടനില്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ സിഎല്‍പി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്. ബ്രിട്ടനിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ ചെര്‍മാനായും ബൈജു സേവനം അനുഷ്ഠിക്കുന്നു. 2019ലെ ജനറല്‍ ഇലക്ഷനില്‍ മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്ക് ബൈജുവിന്റെ പേര് ലേബര്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. ഇക്കുറി സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ ബൈജു അപേക്ഷ നല്‍കിയിരുന്നില്ല. ആര്‍പ്പൂക്കര തിട്ടാല പാപ്പച്ചന്‍- ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിജില്‍ നഴ്‌സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആന്‍സി തിട്ടാല, കോട്ടയം മുട്ടുചിറ മേലുക്കുന്നേല്‍ കുടുംബാംഗമാണ്. വിദ്യാര്‍ഥികളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവര്‍ മക്കളാണ്.
സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗണ്‍സിലുകളില്‍ മേയറാകുന്ന ഏഴാമത്തെ മലയാളിയാണ് ബൈജു തിട്ടാല. മുന്‍പ് ലണ്ടനിലെ ന്യൂഹാം കൗണ്‍സിലില്‍ ഓമന ഗംഗാധരനും (സിവിക് അംബാസിഡര്‍), ക്രോയിഡണില്‍ മഞ്ജു ഷാഹുല്‍ ഹമീദും ലൗട്ടണ്‍ സിറ്റി കൗണ്‍സിലില്‍ ഫിലിപ്പ് ഏബ്രഹാമും കിംങ്സ്റ്റണ്‍ അപ്പോണ്‍ തേംസില്‍ സുശീല ഏബ്രഹാമും ബ്രിഡ്‌സ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കില്‍ ടോം ആദിത്യയും റോയിസ്റ്റണ്‍ ടൌണില്‍ മേരി റോബിന്‍ ആന്റണിയും മേയര്‍മാരായിരുന്നു. ഒരു വര്‍ഷമാണ് മേയര്‍ പദവിയില്‍ ബൈജുവിന്റെ കാലാവധി. കേംബ്രിജിലെ 42 അംഗ കൗണ്‍സിലില്‍ 25 പേരുടെ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം.