ലണ്ടന്‍: ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇരിക്കവെ ഋഷി സുനാക് ഗവണ്‍മെന്റിന് ഇമിഗ്രേഷന്‍ വിഷയത്തില്‍ പുതിയ ആയുധം. യുകെ നെറ്റ് ഇമിഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 10% താഴ്ന്നുവെന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകളാണ് ഗുണമായി മാറുന്നത്. 2022-ല്‍ റെക്കോര്‍ഡിട്ട ശേഷമാണ് ഈ തിരിച്ചിറക്കം. 2023 ഡിസംബര്‍ വരെയുള്ള യുകെയില്‍ പ്രവേശിച്ചവരുടെയും, തിരിച്ച് മടങ്ങിയവരുടെയും കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം 685,000 എത്തിയെന്ന് ഒഎന്‍എസ് പറയുന്നു. ഡിസംബര്‍ 2022-ല്‍ ഇത് 764,000 എന്ന കണക്കിലേക്ക് കുതിച്ചിരുന്നു. താഴേക്കുള്ള ട്രെന്‍ഡ് തുടങ്ങിയെന്ന് ഉറപ്പിച്ച് പറയാന്‍ സമയമായിട്ടില്ലെന്ന് ഒഎന്‍എസ് പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ ഇപ്പോഴും അസാധാരണമായ തോതില്‍ ഉയര്‍ന്ന നിലയിലാണെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ വിഷയം സജീവ ചര്‍ച്ചാവിഷയമാണ്. 2019 പൊതുതെരഞ്ഞെടുപ്പ് കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ കണക്കുകളുടെ മൂന്നിരട്ടിയാണ് നിലവിലെ നെറ്റ് മൈഗ്രേഷന്‍.
ഈ വര്‍ഷം വിസാ ആപ്ലിക്കേഷനില്‍ 25% കുറവ് നേരിട്ട ഘട്ടത്തില്‍ നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞത് സുനാകിന്റെ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പിക്കുന്നതായി ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. എന്നിരുന്നാലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ പ്രഖ്യാപിച്ച പ്രധാന വിസാ നിയന്ത്രണങ്ങളുടെ ഫലങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ടെങ്കിലും നെറ്റ് മൈഗ്രേഷന്‍ കണക്കുകളില്‍ ഇത് പെടുന്നില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. സ്‌കില്‍ഡ് വിദേശ ജോലിക്കാരുടെ മിനിമം സാലറി പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ നടപടികളാണ് ഹോം ഓഫീസ് പ്രഖ്യാപിച്ചത്. ജോലിക്കായി എത്തിയവരാണ് കഴിഞ്ഞ വര്‍ഷം മൈഗ്രേഷന് പ്രധാന സംഭാവന നല്‍കിയത്. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. യുകെയില്‍ ജോലിയുമായി എത്തിയ പത്തില്‍ നാല് പേരും ഇന്ത്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നായിരുന്നു. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയിലേക്ക് കൂടുതല്‍ ജോലിക്കാരും എത്തിയത്.