ലണ്ടന്‍: തന്റെ വിവാദമായ നാഷണല്‍ സര്‍വ്വീസ് കൂടുതല്‍ കടുപ്പത്തോടെ പ്രചരിപ്പിച്ച് ഋഷി സുനാക്. സൈനിക സേവനം നല്‍കിയവരുടെ ജോലി അപേക്ഷകള്‍ക്ക് എംപ്ലോയര്‍മാര്‍ മുന്‍ഗണന നല്‍കണമെന്ന തരത്തിലേക്കാണ് പ്രധാനമന്ത്രി പദ്ധതി തയ്യാറാക്കുന്നത്. ജൂലൈ 4ന് കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വ്വീസിന്റെ തരത്തിലുള്ള പദ്ധതി നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പദ്ധതിക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നുണ്ടെങ്കിലും ഇതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സുനാകിന്റെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. സായുധ സേനകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്കായി ശ്രമിക്കുമ്പോള്‍ മുന്‍ഗണ നല്‍കാനുള്ള വഴിയാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്.
വിവിധ രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ളവര്‍ പദ്ധതിയുടെ ഗുണത്തില്‍ സംശയം ഉയര്‍ത്തുന്നുണ്ട്. ടോറികളും, ലേബറും തമ്മിലുള്ള പ്രചരണത്തിലെ വ്യത്യാസം കുറയ്ക്കാന്‍ ഈ വാഗ്ദാനം സഹായിക്കുമെന്ന് സുനാക് കരുതുന്നു. സുരക്ഷ പ്രധാന ആയുധമാക്കാനാണ് ലേബര്‍ ശ്രമിക്കുന്നത്. ഇതില്‍ സാമ്പത്തിക സുരക്ഷ, അതിര്‍ത്തി സുരക്ഷ, ദേശീയ സുരക്ഷ എന്നിവ പാര്‍ട്ടി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനാണ് കീര്‍ സ്റ്റാര്‍മറുടെ ശ്രമം. എന്നാല്‍ ഈ വിഷയങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ലേബര്‍ പാര്‍ട്ടിയെ കുറിച്ച് സംശയങ്ങളുണ്ടെന്ന് സ്റ്റാര്‍മര്‍ സമ്മതിക്കുന്നു. താന്‍ പാര്‍ട്ടിയില്‍ സുസ്ഥിരമായ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് അതിനുള്ള ന്യായീകരണമായി സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്.