ലണ്ടന്‍: ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ പിഡിഡി ഹോള്‍ഡിംഗ്സ് നടത്തുന്ന ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ ടെമുവിന് നേരെയുള്ള ആരോപണങ്ങള്‍ അടങ്ങുന്ന ഡോക്യുമെന്ററി പുറത്ത്. കുട്ടികളുടെ വസ്ത്രങ്ങള്‍ മുതല്‍ ബിബി തോക്കുകള്‍ വരെ വളരെ കുറഞ്ഞ വിലയില്‍ വിപണനം ചെയ്യുന്ന ടെമു, രണ്ട് വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. പിന്നാലെ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. നിലവില്‍ ആപ്പിന് യുകെയില്‍ ഏകദേശം 15 ദശലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. ഇടനിലക്കാരുടെ സഹായം ഇല്ലാതെ സാധനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഈ അപ്ലിക്കേഷന്‍ വ്യാപാരികളെ സഹായിക്കുന്നു. ടെമുവിന്റെ മാതൃ കമ്പനിയുടെ മൂല്യം ഏകദേശം 170 ബില്യണ്‍ പൗണ്ട് (216 ബില്യണ്‍ ഡോളര്‍) ആണ്. യുഎസിലും ആപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 2023-ലെ കണക്കുകള്‍ അനുസരിച്ച് ടെമുവിന്റെ ഉപഭോക്താക്കളില്‍ 60 ശതമാനവും അമേരിക്കന്‍ ഷോപ്പര്‍മാരാണ്. എന്നാല്‍ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നതില്‍ ഉള്ള ആശങ്ക ഉയര്‍ന്നു വരുന്നുണ്ട്. ഇതിന് പിന്നാലെ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
ടെമുവില്‍ നിന്ന് വാങ്ങിയ നെയില്‍ പശ ഉപയോഗിച്ച് തന്റെ 11 വയസ്സുള്ള മകള്‍ക്ക് തേര്‍ഡ് ഡിഗ്രി പൊള്ളലേറ്റതായി ഒരു ഉപഭോക്താവ് റിപ്പോര്‍ട്ട് ചെയ്തു. 11 വയസ്സുള്ള ക്ലോ നോറിസിനെയാണ് ടെമുവില്‍ നിന്ന് വാങ്ങിയ മാനിക്യൂര്‍ സെറ്റ് ഉപയോഗിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ചാനല്‍ 4 ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ എല്ലി ഫ്‌ലിന്‍ 30 മിനിറ്റ് പരിപാടിയില്‍ ടെമു വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുകയുണ്ടായി. എല്ലി ഫ്‌ലിന്‍ 2.17 പൗണ്ടിന് ഒരു സില്‍വര്‍ ഇഫക്റ്റ് നെക്ലേസും, 2.97 പൗണ്ടിന് ഒരു ഗോള്‍ഡ് ഇഫക്റ്റ് ചെയിനും, 11.09 പൗണ്ടിന് കുട്ടികളുടെ ജാക്കറ്റും വാങ്ങി, ഇവ പരിശോധനയ്ക്കായി ടോക്‌സിക്കോളജി ലാബിലേക്ക് അയച്ചു. പിന്നാലെ യുകെയില്‍ നിയമപരമായി അനുവദനീയമായതിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ഈയം വെള്ളി മാലയില്‍ അടങ്ങിയിട്ടുണ്ടെന്ന് റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ഓര്‍ഗാനിക് കെമിസ്ട്രി പ്രൊഫസറായ ലോറന്‍സ് ഹാര്‍വുഡ് വെളിപ്പെടുത്തി. ഗോള്‍ഡ് ചെയിനിന്റെ കൈപ്പിടിയില്‍ ഹാനികരമായ ലോഹവും കണ്ടെത്തി. കൂടാതെ ചെയിനില്‍ യുകെയില്‍ അനുവദിക്കുന്നതിനേക്കാള്‍ 27 മടങ്ങ് കാഡ്മിയം ഉണ്ടായിരുന്നു. ഇവ വൃക്ക തകരാറിന് കാരണം ആകാം