കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. ഡിജിപിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.
പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ വിശദീകരിക്കും. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാന പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. ധര്‍മരാജന്‍ വഴി ഹവാലപ്പണമയി കേരളത്തില്‍ എത്തിയത് 41 കോടി രൂപയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ ചിലവഴിക്കാനാണ് പണം എത്തിച്ചതെന്നും ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എം ഗണേഷ്, ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പണം എത്തിച്ചത് എന്നും റിപോര്‍ട്ടിലുണ്ട് |