Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആനകള്‍ എവിടെ നിന്ന് എങ്ങോട്ടാണ് ഓടിയതെന്ന് അറിയാതെ ജനം, അനങ്ങാന്‍ പോലും സാധിച്ചില്ല
reporter

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകള്‍ പരസ്പരം കുത്തി വിരണ്ടോടുമ്പോള്‍ 200 മീറ്റര്‍ മാത്രം അകലെ മറ്റൊരു ആനയുമുണ്ടായിരുന്നു. സമീപത്തുള്ള കാട്ടുവയല്‍ ക്ഷേത്രത്തിലെ വരവിനൊപ്പമുള്ള ആനയായിരുന്നു ഇത്. താലപ്പൊലിയെടുത്തു സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും ഉണ്ടായിരുന്നു. വരവിനൊപ്പമുള്ള ഈ ആനയ്ക്ക് അരികിലൂടെയാണ് വിരണ്ടോടിയ ഒരാന കടന്നു പോയത്. വലിയ വീതിയൊന്നുമുള്ള വഴിയായിരുന്നില്ല. എന്നാല്‍ ആന ആക്രമിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. വരവ് ക്ഷേത്രത്തില്‍ എത്തിയ സമയത്താണ് അപകടമുണ്ടായത് എങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇങ്ങനെ ആയിരിക്കില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നു നാട്ടുകാര്‍ പറയുന്നു. സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ വരവ് കാണുന്നതിനായി വഴിയിലും മറ്റും നിന്നതും ക്ഷേത്രത്തില്‍ തിരക്ക് കുറച്ചു. വരവ് കാണുന്നതിനായി ആളുകള്‍ ക്ഷേത്രത്തിനു സമീപത്ത് നില്‍ക്കുമ്പോഴാണ് ആനയോടി എന്ന വാര്‍ത്ത പരക്കുന്നത്. ഇതോടെ ആളുകള്‍ പലവഴിക്കു ചിതറിയോടി. ആന എവിടെ നിന്നു എങ്ങോട്ടാണ് ഓടിയത് എന്നതറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. പലരും അടുത്ത വീടുകളിലേക്ക് ഓടിക്കയറി. ഓടാന്‍ സാധിക്കാതെ ചിലര്‍ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു.

ക്ഷേത്രത്തില്‍ നിന്നു ആന പുറത്തേക്ക് ഓടി എന്നറിഞ്ഞതോടെ ക്ഷേത്രത്തിലേക്ക് മുന്നിലേക്കാണ് പലരും ഓടിയെത്തിയത്. അതോടെ അവിടെ ജനങ്ങളുടെ തിക്കും തിരക്കുമായിരുന്നു. ആനകള്‍ പരസ്പരം ആക്രമിച്ച സ്ഥലത്തും ഭീതിദമായ സ്ഥിതിയായിരുന്നു. ക്ഷേത്ര നടയില്‍ പരിക്കേറ്റവര്‍ രക്തത്തില്‍ കുളിച്ചു കിടന്നു. തലയ്ക്കും കാലിനും പരിക്കേറ്റവരെ കിട്ടുന്ന തുണി കൊണ്ടു കെട്ടിയാണ് മാറ്റിയത്. ക്ഷേത്രത്തിനു തെക്കുഭാ?ഗത്തെ ഓഫീസ് കെട്ടിടത്തിനു തൊട്ടടുത്തുള്ള തിടപ്പള്ളി രണ്ടാനകളും ചേര്‍ന്നു അപ്പാടെ തകര്‍ത്തിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന തിരച്ചിലിലായിരുന്നു പലരും. അതിനകത്തു ആരുമില്ലെന്നു ഉറപ്പാക്കി.

പരിക്കേറ്റ പലരും ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ തന്നെയായിരുന്നു. ചിലര്‍ കിടക്കുന്നു, ചിലര്‍ ഇരിക്കുന്നു. ദയനീയമായിരുന്നു പരിക്കേറ്റ പലരുടേയും അവസ്ഥ. ഒന്നനങ്ങാന്‍ പോലും സാധിക്കാതെ ഭീതിയുടെ പിടിയിലായിരുന്നു അവര്‍. സമീപത്തു താമസിക്കുന്ന പലരും വാഹനങ്ങളുമായി എത്തി. പിന്നാലെ ആംബുലന്‍സുകളും എത്തി. ഇതോടെ എല്ലാവരും തുടക്കത്തിലെ അങ്കലാപ്പ് മാറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നാലെ പരിക്കേറ്റ ഓരോരുത്തരെയായി ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. കാഴ്ചവരവ് ക്ഷേത്രത്തിനു പിന്നില്‍ എത്തിയതോടെ മിനിറ്റുകളോളം നീണ്ട പടക്കം പൊട്ടലാണ് ആനകള്‍ ആക്രമാസക്തരായി മാറാന്‍ കാരണമെന്നു പറയുന്നു. ആനകളില്‍ ഒന്ന് മറ്റൊന്നിനെ കുത്തുകയായിരുന്നു. കുത്തേറ്റ ആന തിടപ്പള്ളിയിലേക്ക് ഇടിച്ചു കയറി. കെട്ടിടം പൂര്‍ണമായി തകര്‍ത്തു. തിടപ്പള്ളിയ്ക്കു മുന്നില്‍ ഇരുന്നവരില്‍ ചിലര്‍ക്ക് ആനകളുടെ ചവിട്ടേറ്റിരിക്കാം. തിടപ്പള്ളിയുടെ ചുമരും മേല്‍ക്കൂരയും തകര്‍ന്നു ഇരിക്കുന്നവരുടെ മേല്‍ പതിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. താലപ്പൊലിക്കു കൊണ്ടു പോകാന്‍ വേണ്ടിയാണ് ആനകളെ ക്ഷേത്ര നടയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നത്. അതിനിടെയാണ് പടക്കം പൊട്ടിച്ചതും ആനകള്‍ വിരണ്ടതും.

 
Other News in this category

 
 




 
Close Window