തിരുവനന്തപുരം: കേരളത്തില്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷന്‍ സര്‍വേ. ഐടിയില്‍ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മര്‍ദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബാങ്കിങ്, ഇന്‍ഷുറന്‍സ് (80.6%), ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഡെലിവറി സര്‍വീസ് (75.5%) എന്നീ മേഖലകളാണ് തൊഴില്‍ സമ്മര്‍ദത്തില്‍ തൊട്ടുപിന്നില്‍. 30-39 പ്രായപരിധിയിലുള്ളവരാണ് കൂടുതല്‍ തൊഴില്‍ സമ്മര്‍ദം അനുഭവിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. പുരുഷന്‍മാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതല്‍ സമ്മര്‍ദം നേരിടുന്നത്. ഇതുമൂലം മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നതും സ്ത്രീകളാണ്.
ജോലിഭാരം കാരണം തൊഴില്‍-ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണ് കൂടുതല്‍. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴില്‍ സമ്മര്‍ദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തി. തൊഴില്‍ സമ്മര്‍ദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സര്‍വേ വ്യക്തമാക്കുന്നു. 18-40 പ്രായത്തിലുള്ള 1,548 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് കമ്മിഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ മുഖ്യമന്ത്രിക്കു കൈമാറി. ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 3, 4 തീയതികളില്‍ കഴക്കൂട്ടത്ത് സെമിനാര്‍ സംഘടിപ്പിക്കും.