Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
താമരശേരിയില്‍ ചേരിതിരിഞ്ഞ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി, പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
reporter

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ഷഹബാസ്.

എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും താരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടി. ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 5 വിദ്യാര്‍ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തര്‍ക്കമാണ് വ്യാഴാഴ്ചത്തെ സംഘര്‍ഷത്തിലേക്കും വിദ്യാര്‍ഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായിരുന്നു ദിവസങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം.

വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്എസ്എസ് വിദ്യാര്‍ഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ സെന്ററില്‍ പഠിക്കാത്ത വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂര്‍ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘര്‍ഷം തുടങ്ങിയത്. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തു വച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.

സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മര്‍ദ്ദനമേറ്റ് തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്നു വിദ്യാര്‍ഥികള്‍ പൊലീസിനെ അറിയിച്ചത്. അതേസമയം താമരശ്ശേരിയിലെ വിദ്യാര്‍ഥികളെ കൂടാതെ പുറമേ നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴി.

തലയ്ക്കു ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്നു വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ ഷഹബാസ് ഛര്‍ദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരി വസ്തുക്കള്‍ നല്‍കിയതാണോയെന്ന സംശയം തോന്നി വീട്ടുകാര്‍ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘര്‍ഷത്തെപ്പറ്റി അറിഞ്ഞത്.

പിന്നാലെ വീട്ടുകാര്‍ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജ് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിന്റെ തലച്ചോറില്‍ ആന്തരിക രക്തസ്രാവവും ചെവിക്കു സമീപം എല്ലിനു പൊട്ടലുമുണ്ടായിരുന്നു. ഒരു ദിവസത്തിലേറെ ആശുപത്രിയില്‍ വെന്റിലറ്റേറില്‍ കഴിഞ്ഞ വിദ്യാര്‍ഥി പുലര്‍ച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 
Other News in this category

 
 




 
Close Window