കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ കൊടിയും ഫ്‌ലക്‌സും സ്ഥാപിച്ചതിനു കൊല്ലം കോര്‍പറേഷന്‍ സിപിഎമ്മിന് വന്‍ തുക പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. നഗരത്തില്‍ അനധികൃതമായി 20 ഫ്‌ളക്‌സുകളും 2,500 കൊടിയും കെട്ടിയതിനാണ് നാല് ദിവസങ്ങള്‍ക്കു മുന്‍പ് പിഴ ചുമത്തി നോട്ടീസ് നല്‍കിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ലക്‌സ് സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ തീരുമാനം എടുത്തിരുന്നില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്നതില്‍ സിപിഎം തീരുമാനം എടുത്തിട്ടില്ല.
ഫ്‌ലക്‌സുകളും കൊടി തോരണങ്ങളും നിരത്തില്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നലെ വീണ്ടും വിമര്‍ശനമുന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്നതായി സിംഗിള്‍ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോള്‍ കണ്ണടച്ചു വരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങള്‍ എന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിനു സര്‍ക്കാര്‍ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്‌ലക്‌സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിനു ബോര്‍ഡുകള്‍ മാറ്റുന്നു അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു.