കൊച്ചി: ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ പീഡന ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്ന ധാരണ അന്ധമായി പിന്തുടരാനാകില്ലെന്ന് ഹൈക്കോടതി. ഓരോ കേസിലും ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും ജസ്റ്റിസ് എം ബദറുദ്ദീന്‍ വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ പാലക്കാട് കൊപ്പം പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ ഒറ്റപ്പാലം അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പരാതിക്കാരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ പുരോഗമന സമൂഹമല്ലാത്തതിനാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ തെറ്റായ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കുറച്ചെങ്കിലും കേസുകളില്‍ സത്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പകരം വീട്ടാനോ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ സാധിച്ചു കിട്ടാനായി നിര്‍ബന്ധിക്കുന്നതിനോ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി 2014 മുതല്‍ 2019 വരെ ഹര്‍ജിക്കാരന്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2019 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ 2014 മെയ് 30 ന് ഒരു തവണ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല 2016 ല്‍ യുവതി നല്‍കിയ പരാതി, വിവാഹ വാഗ്ദാനം വീണ്ടും നല്‍കിയതിന്റെ പേരില്‍ പിന്‍വലിക്കുകയും ചെയ്തു. പിന്നീട് മൂന്ന് വര്‍ഷത്തോളം ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. ഇതുള്‍പ്പെടെ കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും കോടതി വിലയിരുത്തി.