ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കാനുമുള്ള അപേക്ഷകള്‍ക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്‍ധന. പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വര്‍ധന വന്നതോടെയാണ് ഫീസും വര്‍ധിപ്പിക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രില്‍ പത്തു മുതല്‍ ഫീസ് വര്‍ധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്‌പോര്‍ട്ട് ഫീസ് ഏഴു ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023ല്‍ ഒന്‍പത് ശതമാനമായിരുന്നു വര്‍ധന.
പുതിയ നിരക്കു പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില്‍നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വര്‍ധിക്കും. പോസ്റ്റല്‍ ആപ്ലിക്കേഷന് പ്രായപൂര്‍ത്തിയായവര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികള്‍ക്ക് നിലവിലുള്ള 69 പൌണ്ട് 74 പൌണ്ടായും ഉയരും. പ്രീമിയം വണ്‍ഡേ സര്‍വീസിന് നിലവിലെ ഫീസായ 207.50 പൗണ്ട് 222 പൗണ്ടായും കുട്ടികള്‍ക്കിത് 176.50ല്‍നിന്നും 189 പൗണ്ടായും വര്‍ധിക്കും. ഓരോ വര്‍ഷവും ഫീസിനത്തില്‍ വര്‍ധന വരുത്തുന്നുണ്ടെങ്കിലും പാസ്‌പോര്‍ട്ട് നല്‍കുന്ന പ്രക്രിയയില്‍ ഹോം ഓഫിസ് ലാഭം ഉണ്ടാക്കുന്നില്ലെന്നും പ്രിന്റിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ ചെലവിനുള്ള പണം മാത്രമാണ് പൗരന്മാരില്‍ നിന്നും ഇടാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.