കൊച്ചി: കേരളത്തില്‍ ആര്‍എസ്എസിന് വഴിയൊരുക്കാന്‍ വലിയ പങ്കുവഹിച്ച ചിത്രമായിരുന്നു കാലാപാനിയെന്നും രാജ്യദ്രോഹിയായ സവര്‍ക്കറെ മഹാനായി ചിത്രീകരിക്കാന്‍ ഗോവര്‍ദ്ധന്‍ എന്ന സോഫ്റ്റ് കഥാപാത്രത്തെ മുന്‍നിര്‍ത്തി മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയിലൂടെ സാധിച്ചുവെന്നും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍. എംപുരാന്‍ ഒരു പക്ഷെ ആര്‍എസ്എസിനെയും ബിജെപി യെയും അകറ്റി നിര്‍ത്തുന്നതിന് ഒരു ആഹ്വാനമാവുകയാണ്. 26 വര്‍ഷത്തിനിപ്പുറം മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയിലൂടെ തന്നെ പൃഥ്വിരാജിനും മുരളി ഗോപിക്കും അതിന് സാധിച്ചു എന്നത് കാലത്തിന്റെ കാവ്യനീതി ആവാമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
''എംപുരാന്‍ സിനിമ ആത്യന്തികമായ മുസ്ലീം വിരുദ്ധതയില്‍ കരുപ്പിടിപ്പിച്ച രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് വസ്തുതകളെ തമസ്‌കരിച്ചും വക്രീകരിച്ചും ഇസ്ലാമോഫോബിയ അതിന്റെ പരകോടിയില്‍ എത്തിച്ചും അധികാരം പിടിക്കുക എന്നതായിരുന്നു മോദി തന്ത്രം. അതിനെയാണ് എംപുരാന്‍ തുറന്നു കാട്ടുന്നത്. അതാണ് സംഘികള്‍ക്ക് നോവുന്നത്. ആത്യന്തികമായ മുസ്ലീം വിരുദ്ധതയില്‍ കരുപ്പിടിപ്പിച്ച രാഷ്ട്രീയത്തെയാണ് സിനിമ ചോദ്യം ചെയ്യുന്നതെന്നും രാജു പി നായര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു'', രാജു പി നായര്‍ പറയുന്നു. ഗോധ്ര ട്രെയിന്‍ കത്തിക്കലിനെക്കുറിച്ചും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുമെല്ലാം കുറിപ്പില്‍ പറയുന്നുണ്ട്.