എംപുരാന്‍ വിവാദത്തില്‍ നടന്‍മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിക്കാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന ഇവര്‍ എംപുരാനില്‍ മിണ്ടാതിരുന്നതിന് ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമായി ആളുകള്‍ എത്തിയിരുന്നു. രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവര്‍ 'എംപുരാനി'ല്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തില്‍ സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും ജോയ് മാത്യുവും. 'ഒന്നും പ്രതികരിക്കാതെ വായില്‍ പഴം കയറ്റി ഏതോ മാളത്തില്‍ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും...അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആര്‍ക്കറിയാം.'-ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത് കുറ്റപത്രമെന്ന മാധ്യമ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ഹരീഷ് പേരടിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ജോയ് മാത്യു പ്രതികരണവുമായെത്തിയത്. 'കോട്ട് ധരിച്ചാല്‍ അടിയിലുള്ള കീറിയ കോണാന്‍ മറ്റാരും കാണില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്. ഇതിലെ രണ്ട് പോങ്ങന്മാര്‍ കഴിഞ്ഞദിവസം പറയുന്നത് കേട്ടു,
മുഖ്യമന്ത്രി തുമ്മിയാല്‍ പോസ്റ്റിടുന്ന ജോയ് മാത്യുവിന് എംപുരാന്‍ വിഷയത്തില്‍ മിണ്ടാട്ടമില്ലെന്ന് ! മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല മുഖ്യമന്ത്രി തൂറിയാല്‍ അത് കോട്ടിട്ട് മൂടിപ്പിടിക്കുന്ന ഇവരുടെയൊക്കെ കരിമണലില്‍ വീണ ഈ അവസ്ഥ ആലോചിച്ചിട്ടാണ് എനിക്ക് വിഷമം. അപ്പോഴാണ് ചങ്ങാതി ഹരീഷ് പേരടി ഈ കോണാന്‍ മൂടി കോട്ടുധാരികള്‍ക്ക് വേണ്ടി ഈ പോസ്റ്റിട്ടത്. പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ (കോണാന്‍ +കോട്ട് ) ഇനി നിങ്ങളുടെ വായില്‍ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയില്‍ത്തന്നെയുള്ള മാധ്യമരാമന്നുകൂടി വിഴുങ്ങാന്‍ കൊടുക്കുക. (പ്രധാന കോണാട്ട്കാരെ കമന്റ് ബോക്‌സില്‍ കാണാം )' രണ്ടു പേരെയും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്. 'എംപുരാന്‍' വിവാദം വലിയ ചര്‍ച്ചയായിട്ടും ജോയ് മാത്യു അതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഹരീഷ് പേരടിയാകട്ടെ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണുണ്ടായത്.