കൊച്ചി: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി. പൂരവുമായി ബന്ധപ്പെട്ട് പൊലീസ് ബന്തവസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടമുണ്ടാകണമെന്നും കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആചാരപരമായ എല്ലാ ചടങ്ങുകളും പാലിച്ചായിരിക്കും പൂരം നടത്തുന്നതെന്ന് കൊച്ചിന്‍ ദേവസ്വവും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് വിജു ഏബ്രഹാം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മൂന്നു ദേവസ്വങ്ങളും ഇക്കാര്യത്തില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. പരിചയ സമ്പന്നരായ പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി ഡ്യൂട്ടിക്കായി നിയമിക്കണം.
പൂരം നടത്തിപ്പിനായി നിയോഗിക്കേണ്ട വൊളന്റിയര്‍മാരുടെ ലിസ്റ്റ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ 25 നകം ജില്ല ഭരണകൂടത്തിന് കൈമാറണം. പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് അന്വേഷണവും നടപടികളും മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.