കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഫാ. അജി പുതിയാപറമ്പില്‍. വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എംപി മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ല. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നത്? കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്ന് അജി പുതിയാപറമ്പില്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
'വഖഫ് ബില്ലില്‍ മെത്രാന്‍ സമിതി ചെയ്തതു പോലെ, ചര്‍ച്ച് ബില്ലില്‍ മുസ്ലീം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുക?. നിയമത്തിന്റെ കരട് വായിക്കാതെയാണോ മെത്രാന്‍മാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചത്? ആകാന്‍ വഴിയില്ല. ബില്ലിനെ പിന്തുണയ്ക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വളരെ അപകടകരമായ ഒരു രാഷ്ട്രീയ സാമുദായിക വിഭജന ഫോര്‍മുലയാണ് കെസിബിസി പാര്‍ലമെന്റ് അംഗങ്ങളുടെ മുന്നില്‍ വച്ചത് : 'ഒന്നുകില്‍ ഞങ്ങളോടൊപ്പം; അല്ലെങ്കില്‍ അവരോടൊപ്പം' ഇങ്ങനെയൊരു വിഭജന സമവാക്യം വേണമായിരുന്നോ ? രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ തലയിലുദിച്ച അവിവേകമാണിത്. കഷ്ടം ഒന്നു ചിന്തിക്കുക...'- അജി പുതിയാപറമ്പില്‍ കുറിച്ചു.