ലണ്ടന്‍: ബ്രിട്ടനില്‍ ഇപ്പോള്‍ സ്‌ട്രോബറിയുടെ കാലമാണ്. ബറികളുടെ റാണി എന്നറിയപ്പെടുന്ന സ്‌ട്രോബറിക്ക് ഇത്തവണത്തെ കാലാവസ്ഥ ഏറെ അനുയോജ്യമാണെന്ന് കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പകല്‍ സമയത്തെ ഉയര്‍ന്ന താപനിലയും രാത്രിയിലെ തണുപ്പും സ്‌ട്രോബറിക്ക് ഏറ്റവും മികച്ച സാഹചര്യമാണ് ഒരുക്കുന്നത്. ഈ വര്‍ഷം സീസണ്‍ ആരംഭിച്ചത് മുതല്‍ സ്‌ട്രോബറി കൃഷിക്ക് അനുകൂലമായ കാലാവസ്ഥയാണ് ലഭിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ടനില്‍ ഇത്തവണ നല്ല ചൂടുള്ള വസന്തകാലമാണ് അനുഭവപ്പെടുന്നത്, ഒപ്പം രാത്രിയില്‍ നല്ല തണുപ്പുമുണ്ട്. ഇത് രണ്ടും ഒത്തുചേര്‍ന്നതോടെ സ്‌ട്രോബറി കര്‍ഷകര്‍ ഏറെ സന്തോഷത്തിലാണ്. മികച്ച വിളവെടുപ്പ് കാലമാണ് അവര്‍ സ്വപ്നം കാണുന്നത്.
കെന്റിലെയും ചിചെസ്റ്ററിലെയും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത് ഇത്തവണ ഫാമുകളില്‍ നല്ല വലുപ്പവും മധുരവുമുള്ള സ്‌ട്രോബറികളാണ് വിളഞ്ഞിരിക്കുന്നത് എന്നാണ്. പകല്‍ ചെടികള്‍ സംഭരിക്കുന്ന ഊര്‍ജ്ജം രാത്രിയിലെ തണുപ്പില്‍ വിശ്രമിക്കുമ്പോള്‍ സ്വാഭാവിക മധുരമായി മാറുന്നു. മേയ് മാസത്തില്‍ തന്നെ ഇത്രയേറെ ചൂടുള്ള ദിവസങ്ങള്‍ വരുന്നത് വരള്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക കര്‍ഷകര്‍ക്ക് ഉണ്ടെങ്കിലും, വരള്‍ച്ചയെ നേരിടാന്‍ ജലസേചന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്ന് അവര്‍ പറയുന്നു. ആവശ്യത്തിന് വെയില്‍ ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 200 ടണ്‍ പഴങ്ങള്‍ വിറ്റ ഒരു ഫാമില്‍ നിന്ന് ഇത്തവണ 50 ടണ്‍ വരെ അധികം വില്‍ക്കാന്‍ കഴിയുമെന്നാണ് ചിചെസ്റ്ററിലെ ഒരു ഫാം ഉടമ പ്രത്യാശ പ്രകടിപ്പിച്ചത്.