Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി
reporter

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ച കേരള ഗവര്‍ണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും നിയമിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ പാനല്‍ മറികടന്നായിരുന്നു സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ പാനല്‍ മറികടന്ന് ഗവര്‍ണര്‍ നടത്തിയ നിയമനം നിയമപരമല്ല. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി പാലിക്കണം. എന്നാല്‍ രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പാനലിന് പുറത്തുനിന്നും താല്‍ക്കാലിക വിസി നിയമിച്ച ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ്. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം താല്‍ക്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് ആകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവര്‍ണര്‍ നിയമനം നടത്തുകയായിരുന്നു.

 
Other News in this category

 
 




 
Close Window