കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാര്‍ഷിക സംഗമം വില്‍ഷയറിലെ ബ്രേസൈഡ് സെന്ററില്‍ വച്ച് ജൂലൈ 11, 12, 13 തീയതികളില്‍ നടത്തപ്പെട്ടു. യുകെയില്‍ എമ്പാടുമുള്ള കോടഞ്ചേരിക്കാരുടെ സംഗമവേദിയായി തങ്ങളുടെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വര്‍ഷവും നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. മൂന്നു ദിവസം നീണ്ടു നിന്ന കലാ, സാംസ്‌ക്കാരിക, കായിക പരിപാടികള്‍ വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചു. യുകെയുടെ വിദൂര ദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബങ്ങള്‍ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകള്‍ പാടിയും രാവേറെ വൈകും വരെ വിവിധ കലാപരിപാടികളില്‍ മുഴുകി സമയം ചെലവഴിച്ചു. ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ തുടങ്ങിയ പരിപാടികള്‍ ഫോട്ടോ ഷൂട്ടിലെക്കും കുട്ടികളുടെ കായിക മത്സരങ്ങളിലേക്കും നീണ്ടു ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാവാസനകള്‍ പുറഞ്ഞെടുത്ത വൈവിധ്യമാര്‍ന്ന പരിപാടികള്‍, കപ്പിള്‍ ഡാന്‍സും കുട്ടികളുടെ നൃത്ത വിസ്മയങ്ങള്‍ കൊണ്ടും നയനാനന്ദകരമായി. കോടഞ്ചേരിക്കാരുടെ ഒത്തൊരുമ വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച വൈകുന്നേരത്തെ ബാര്‍ബിക്യു വും ക്യാമ്പ് ഫയറും, നേരം വെളുക്കുവോളം നീണ്ടു നിന്ന നൃത്തച്ചുവടുകളും. ജനറല്‍ ബോഡി മീറ്റിംഗോടെ തുടങ്ങിയ ഞായറാഴ്ച വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം, ഉച്ചഭക്ഷണ ത്തിനായി പിരിഞ്ഞു. എല്ലാ വര്‍ഷവും നാട്ടില്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷവും ഊര്‍ജസ്വലമായി തുടരാന്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുത്തു. വിഭവസമൃദ്ധമായ കേരള തനിമയുള്ള ഭക്ഷണ പാനീയങ്ങള്‍ പരിപാടിക്ക് ഊര്‍ജം നല്‍കി. അടുത്ത വര്‍ഷം പൂര്‍വാധികം ആവേശത്തോടെ കാണുമെന്ന ഉറപ്പോടെ എല്ലാവരും മനസ്സില്ലാമനസ്സോടെ അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങി. ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തങ്കച്ചന്‍ ജോസഫ് കാഞ്ഞിരത്തിങ്കല്‍ (പ്രസിഡന്റ്), ജോജി തോമസ് പുത്തന്‍പുരയില്‍ (സെക്രട്ടറി), രാജീവ് തോമസ് അറമത്ത് (ട്രഷറര്‍), ജ്യോതി ജയ്സണ്‍ (വൈസ് പ്രസിഡന്റ്), ബീന ജോണ്‍സണ്‍ (ജോയന്റ് സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കി. 2025-26 വര്‍ഷത്തെ ഭാരവാഹികളായി ജോയി അബ്രഹാം ഞള്ളിമാക്കല്‍ (പ്രസിഡന്റ്), ജോണ്‍ ടി ചാക്കോ തേക്കുംകാട്ടില്‍ (സെക്രട്ടറി), രാജീവ് തോമസ് വാവലുകുന്നേല്‍ (ട്രഷറര്‍), ഏലിയാമ്മ ബേബി പോട്ടയില്‍ (വൈസ് പ്രസിഡന്റ്), ജിജി പ്രിന്‍സ് മാങ്കുടിയില്‍ (ജോയന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു യുകെയിലെ കോടഞ്ചേരിക്കാര്‍ക്ക് അടുത്ത വര്‍ഷം വിപുലവും വൈവിധ്യമുള്ളതുമായ പരിപാടികള്‍ സമ്മാനിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികള്‍ അറിയിച്ചു. യുകെയിലെ പരിപാടികള്‍ക്കൊപ്പം നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളും പൂര്‍വാധികം ആവേശത്തോടെ കൊണ്ടുപോകുമെന്ന് ഓര്മിപ്പിച്ചാണ് ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തത്. യുകെ കോടഞ്ചേരി പ്രവാസി സംഗമം 2026ല്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന കോടഞ്ചേരിക്കാര്‍ ഈ വര്‍ഷം നവംബര്‍ 15ന് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഭാരവാഹികള്‍ ഓര്‍മപ്പെടുത്തി. രജിസ്ട്രേഷനു ബന്ധപ്പെടുക 07909531316, 07877124805