ലണ്ടന്‍: ശക്തമായ ഇടിമിന്നലിനെയും പേമാരിയെയും തുടര്‍ന്ന് ബ്രിട്ടന്റെ തെക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. മണിക്കൂറുകള്‍ക്കിടെ ലണ്ടനില്‍ മാത്രം ഏകദേശം 3,000 മിന്നലുകള്‍ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തെക്കന്‍ ബ്രിട്ടനിലാകെ രാത്രിയില്‍ 7,000ത്തോളം മിന്നലുകളാണ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിസ്റ്റല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. നിരവധി വിമാനങ്ങള്‍ വൈകുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
നൂറുകണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി
പശ്ചിമ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റണ്‍ബറി, ഷെപ്റ്റണ്‍ മലറ്റ്, ബ്രിസ്റ്റല്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബ്രിസ്റ്റലില്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഒരു വീടിന് തീപിടിച്ചു. വീടിന്റെ മേല്‍ക്കൂരയും ഒന്നാം നിലയും കത്തിനശിച്ചതായി അഗ്‌നിരക്ഷാസേന അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല. ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന് രാത്രി മുഴുവന്‍ 400ലേറെ അടിയന്തര കോളുകള്‍ ലഭിച്ചു. മിന്നലേറ്റുണ്ടായ വീടുകളിലെ തീപിടിത്തങ്ങളും ശക്തമായ മഴയെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
റെയില്‍ ഗതാഗതവും താളംതെറ്റി
ശക്തമായ മഴ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ റെയില്‍ ഗതാഗതത്തെയും ബാധിച്ചു. സിഗ്‌നല്‍ സംവിധാനങ്ങളില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചു. ഇതോടെ നിരവധി സര്‍വീസുകള്‍ വൈകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പിന്നാലെ അതിശക്തമായ ഉഷ്ണതരംഗം
ഇടിമിന്നലിനും കനത്ത മഴയ്ക്കും പിന്നാലെ ബ്രിട്ടന്‍ അതിശക്തമായ ഉഷ്ണതരംഗത്തിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ യൂറോപ്പിന് മുകളില്‍ രൂപപ്പെടുന്ന 'ഹീറ്റ് ഡോം' പ്രതിഭാസത്തെ തുടര്‍ന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുമെന്നാണ് പ്രവചനം. 1976ല്‍ ഹാംപ്ഷയറില്‍ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെല്‍ഷ്യസാണ് ബ്രിട്ടനിലെ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. ഈ റെക്കോര്‍ഡ് ഇത്തവണ മറികടക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.
റെഡ് ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട്
ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി റെഡ് ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു. ആരോഗ്യമുള്ള ആളുകള്‍ക്കുപോലും കടുത്ത ചൂട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവന് ഭീഷണിയായ സാഹചര്യങ്ങള്‍ക്കും കാരണമാകാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പ്രായമായവര്‍, കുട്ടികള്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.