Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍; ഇന്ത്യന്‍ കയറ്റുമതിക്ക് വന്‍ നേട്ടം
reporter

ലണ്ടന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം ഒരു വര്‍ഷം മുമ്പ് ഒപ്പുവെച്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍, സ്റ്റീല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് നടപ്പിലാകുന്നത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ 99 ശതമാനം വരെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും യുകെ വിപണിയില്‍ തീരുവയില്ലാത്ത പ്രവേശനം ലഭിക്കും. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ഉത്തേജനം നല്‍കുന്ന തീരുമാനമാണിത്. പ്രോസസ്ഡ് ഫുഡ് ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍, തുകല്‍-പാദരക്ഷാ ഉല്‍പ്പന്നങ്ങള്‍, വസ്ത്ര-ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ നിലവിലുണ്ടായിരുന്ന തീരുവകള്‍ പൂജ്യത്തിലേക്ക് കുറയും. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത കൈവരും.

കരാറിനൊപ്പം ഇന്ത്യയിലെയും യുകെയിലെയും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇരുരാജ്യങ്ങളിലും സാമൂഹ്യസുരക്ഷാ സംഭാവനകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷനും ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. താല്‍ക്കാലിക നിയമനത്തില്‍ ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് അയയ്ക്കുന്ന ജീവനക്കാര്‍ക്ക് സാമൂഹ്യസുരക്ഷാ സംഭാവനകളില്‍ ഇരട്ടഭാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കരാര്‍ പ്രകാരം യുകെയില്‍ നിന്നുള്ള സ്‌കോട്ടിഷ് വിസ്‌കിക്ക് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയും. നിലവിലെ 150 ശതമാനത്തില്‍ നിന്ന് ആദ്യം 75 ശതമാനമായും പിന്നീട് 2035 ഓടെ 40 ശതമാനമായും കുറയ്ക്കാനാണ് ധാരണ. ഓട്ടോമൊബൈല്‍ ഇറക്കുമതികളിലെ തീരുവയും ഘട്ടംഘട്ടമായി കുറയ്ക്കും. നിശ്ചിത ക്വോട്ടാ സംവിധാനത്തിലൂടെയായിരിക്കും ഈ ഇളവുകള്‍ നടപ്പാക്കുക. യുകെ പ്രഖ്യാപിച്ചിരുന്ന പുതിയ സ്റ്റീല്‍ സംരക്ഷണ നടപടികളും കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്ത്യ-യുകെ ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്റ്റീല്‍ കയറ്റുമതിയുടെ ഭൂരിഭാഗവും പുതിയ നിയന്ത്രണങ്ങളുടെ പരിധിയില്‍പ്പെടില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് കരാര്‍ നടപ്പാക്കുന്നതില്‍ മുന്നേറ്റമുണ്ടായത്. ഇന്ത്യ-യുകെ ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലായാണ് കരാറിനെ ഇരുരാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപാരവും നിക്ഷേപവും വര്‍ധിക്കുമെന്നും കര്‍ഷകര്‍, തൊഴിലാളികള്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുമെന്നും വിലയിരുത്തപ്പെടുന്നു. ദീര്‍ഘകാലമായി നിലനിന്നിരുന്ന തീരുവാ തടസ്സങ്ങള്‍ മാറുന്നതോടെ ടെക്‌സ്‌റ്റൈല്‍, ലെതര്‍, സമുദ്രോല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ്, പ്രോസസ്ഡ് ഫുഡ് മേഖലകള്‍ക്ക് വലിയ നേട്ടമുണ്ടാകും. പുതിയ കരാര്‍ ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് ശക്തമായ ഉത്തേജനം നല്‍കുകയും ഇന്ത്യ-യുകെ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window